ad
Deshabhimani

print edition ദ‍ൗത്യം വിജയം; ആർട്ടമിസ്‌ 2 സംഘം മടക്കയാത്ര തുടങ്ങി

Artemis 2.jpg

ഒറിയോൺ പേടകത്തിൽനിന്ന് അയച്ച ഭൂമി അസ്തമിക്കുന്ന ചിത്രം

വെബ് ഡെസ്ക്

Published on Apr 08, 2026, 01:52 AM | 1 min read

റിഡ: ഭൂമിയിൽനിന്ന്‌ ചന്ദ്രനും കടന്ന്‌ കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന റെക്കോഡുമായി ആർട്ടമിസ്‌ 2 ദ‍ൗത്യസംഘം മടക്കയാത്ര തുടങ്ങി. ചന്ദ്രന്റെ മറുപുറത്തെ നിർണായക വിവരങ്ങൾ ശേഖരിച്ചാണ്‌ മടക്കം. വെള്ളി രാത്രിയോടെ പേടകം പസഫിക്ക്‌ സമുദ്രത്തിൽ പതിക്കും.


​54 വർഷത്തിനുശേഷം ചന്ദ്രന്റെ മറുപുറത്തുകൂടി പേടകത്തിൽ യാത്രചെയ്‌ത സംഘം ഭൂമിയിൽനിന്ന്‌ 4.04 ലക്ഷം കിലോമീറ്റർ അകലെവരെ എത്തി. 1970ൽ അപ്പോളോ 13 ദ‍ൗത്യസംഘം എത്തിയ ദൂരത്തേക്കാൾ 6602 കിലോമീറ്റർ അധികം സഞ്ചരിച്ചാണ്‌ റീഡ് വൈസ്‌മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക്‌, ജെർമി ഹാൻസൻ എന്നിവർ റെക്കോഡിട്ടത്‌.


ഇന്ത്യൻ സമയം ചൊവ്വ പുലർച്ചെയായിരുന്നു ഇത്‌.

ചന്ദ്രന്റെ മറുപുറത്ത്‌ പേടകം എത്തിയതോടെ 40 മിനിട്ട്‌ നാസയുമായുള്ള ആശയവിനിമയവും നിലച്ചു. ഭൂമിയുടെ ഉദയവും അസ്‌തമനവും സൂര്യഗ്രഹണവും യാത്രികർ കണ്ടു. ചന്ദ്രന്റെ 6550 കിലോമീറ്റർ അടുത്തുവരെ സംഘാംഗങ്ങളുടെ ഒറിയോൺ പേടകമെത്തി.


പർവതങ്ങളും ലാവകളും ധാരാളമുള്ള ഒറിയന്റൽ ഗർത്തമേഖലയുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ചു. ഭാവി മനുഷ്യ ദ‍ൗത്യങ്ങൾ ഇറങ്ങേണ്ട ദക്ഷിണ ധ്ര‍ുവത്തിനെപ്പറ്റിയും സംഘം പഠനം നടത്തി. ആറു മണിക്കൂറോളം ചന്ദ്രനെ അടുത്തറിയാനായി. ചൊവ്വാഴ്‌ച രാത്രിയോടെ ചന്ദ്രന്റെ ആകർഷണ വലയത്തിൽനിന്ന്‌ പേടകം പുറത്തുവന്ന്‌, ഭൂമിയെ ലക്ഷ്യമാക്കി യാത്ര തുടങ്ങി. ചന്ദ്രനെ ചുറ്റിയുള്ള ഫ്ലൈബൈ വിജയമായിരുന്നുവെന്ന്‌ നാസ അറിയിച്ചു.


​ചാന്ദ്ര ഗർത്തത്തിന്‌
കാരോൾ എന്ന പേര്‌


​ചന്ദ്രന്റെ മറുപുറത്തോട്‌ ചേർന്നുള്ള ഒരു ഗർത്തത്തിന്‌ കാരൾ എന്ന്‌ പേരിടും. ആർട്ടമിസ്‌ 2 ദ‍ൗത്യകമാൻഡർ റീഡ്‌ വൈസ്‌മാന്റെ ഭാര്യയുടെ ഓർമയ്‌ക്കാണിത്‌. കാൻസർ ബാധിതായി 2020ൽ കാരൾ മരിച്ചിരുന്നു. തന്റെ നേട്ടങ്ങൾക്ക്‌ പിന്നിലുള്ള ശക്തി കാരൾ ആയിരുന്നുവെന്ന്‌ റീഡ്‌ വൈസ്‌മാൻ സഹപ്രവർത്തകരോട്‌ പറയുമായിന്നു. അതുകൊണ്ടുതന്നെ തിളക്കമുള്ള ഗർത്തത്തിന്‌ കാരളിന്റെ പേര്‌ നൽകണമെന്ന്‌ ആർട്ടമിസ്‌ 2 ദ‍ൗത്യത്തിലുള്ള മറ്റുള്ളവർ നിർദേശിച്ചു. നാസ ഇത്‌ അംഗീകരിക്കുകയും ചെയ്‌തു. റീഡിന്‌ രണ്ട്‌ പെൺമക്കളുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home