മ്യാൻമർ ഭൂചലനം: മരണസംഖ്യ 694 ആയെന്ന് റിപ്പോർട്ട്, ബാങ്കോക്കിൽ അടിയന്തരാവസ്ഥ

photo credit: X
ബാങ്കോക്ക് : മ്യാൻമറിനെയും തായ്ലൻഡിനെയും വിറപ്പിച്ച ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. ഇതുവരെ 694 പേർ ഭൂചലനത്തിൽ മരിച്ചതായാണ് വിവരം. 1,670 പേർക്ക് പരിക്കേറ്റു. പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. ആദ്യം രേഖപ്പെടുത്തിയ ഭൂചലനത്തിനു ശേഷം പതിനാലോളം തുടർചലനങ്ങളാണ് മ്യാൻമറിലുണ്ടായത്. പത്ത് മണിക്കൂറിനിടെയാണ് 15 പ്രകമ്പനങ്ങൾ മ്യാൻമറിലുണ്ടായത്. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനു ശേഷം പ്രാദേശികസയമം 6.32ന് 6.7 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ചലനവും അനുഭവപ്പെട്ടിരുന്നു. ഇന്ന് പുലർച്ചെയും 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മ്യാൻമറിൽ അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് മ്യാൻമറിലേക്ക് 15 ടൺ സഹായം എത്തിച്ചിട്ടുണ്ട്. ഹിന്ദോണിൽ നിന്നുള്ള എയർ ഫോഴ്സ് ക്യാമ്പിൽ നിന്ന് IAF C 130 J എയർക്രാഫ്റ്റിലാണ് ടെന്റുകൾ, സ്ലീപ്പിങ് ബാഗുകൾ, ഭക്ഷണം, പുതപ്പ് എന്നിവയടക്കമുള്ള വസ്തുക്കൾ എത്തിച്ചത്.
ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ മ്യാൻമറിലും ബാങ്കോക്കിലും ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രാദേശിക സമയം വെള്ളി പകൽ 12.50നാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തൊട്ടുപിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായി. മാൻഡലെ നഗരത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത്. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെയിൽനിന്ന് 17.2 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
മ്യാൻമറിൽ നിരവധി കെട്ടിടങ്ങളും റോഡുകളും പാലങ്ങളും തകർന്നു. വൈദ്യുതിബന്ധം നിലച്ചു. കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ബംഗ്ലാദേശിലെ ധാക്കയിലും ചൈനയിലെ യുനാൻ പ്രവിശ്യയിലും തുടർചലനങ്ങളുണ്ടായി. മണിപ്പുർ, മേഘാലയ, അസം എന്നിവിടങ്ങളിലും തുടർചലനങ്ങൾ അനുഭവപ്പെട്ടു.
ഭൂചലനം ഏറ്റവും നാശം വിതച്ചത് മാൻഡലെ നഗരത്തിലാണ്. നിരവധി ബഹുനില കെട്ടിടങ്ങൾ തകർന്നടിഞ്ഞു. ചരിത്രസ്‌മാരകങ്ങളും വിദ്യാലയങ്ങളും തകർന്നു. മാൻഡലെ സർവകലാശാല കെട്ടിടവും തകർന്നു. നേപിതോയിലെയും മാൻഡലെയിലെയും വിമാനത്താവളങ്ങൾ അടച്ചു. സാഗെയ്‌ങ് ടൗൺഷിപ്പിലെ പ്രധാന പാലവും തകർന്നു. റോഡുകൾ കുറുകെ വിണ്ടുകീറിയതോടെ വാഹനഗതാഗതവും ദുഷ്‌കരമായി. റോഡും പാലവും തകർന്നത് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നത് വൈകിപ്പിച്ചു.
മ്യാൻമറിലെ ഭൂചലനത്തിന് പിന്നാലെയാണ് തായ്‌ലൻഡിലും ചൈനയിലുമെല്ലാം തുടർ ചലനങ്ങളുണ്ടായത്. ബാങ്കോക്കിൽ നിർമാണത്തിലിരുന്ന കെട്ടിടങ്ങളാണ് കൂടുതലും തകർന്നത്.









0 comments