ഫങ്- വോങ് കൊടുങ്കാറ്റ്; തായ്‍വാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും

taiwan flood
വെബ് ഡെസ്ക്

Published on Nov 13, 2025, 02:03 PM | 1 min read

തായ്പേയ് : വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായ ഉഷ്ണമേഖലാ ന്യൂനമർദ്ദം മൂലം വ്യാഴാഴ്ചയും തായ്‌വാനിൽ കനത്ത മഴ തുടരുന്നു. ബുധനാഴ്ച വൈകുന്നേരം തെക്കൻ പിങ്‌ടങ് കൗണ്ടിയിൽ ഉണ്ടായ ഫങ്- വോങ് കൊടുങ്കാറ്റിൽ ആകെ 95 പേർക്ക് പരിക്കേറ്റു. ഫങ്-വോങ് അടുക്കുന്നതിനെത്തുടർന്ന് തീരദേശ, പർവതപ്രദേശങ്ങളിൽ നിന്ന് 8,500ലധികം ആളുകളെ അധികൃതർ ഒഴിപ്പിച്ചിരുന്നു. വ്യാഴാഴ്ച ന്യൂനമർദ്ദത്തിന്റെ കേന്ദ്രത്തിനടുത്ത് മണിക്കൂറിൽ 54 കിലോമീറ്റർ വേഗതയിൽ കാറ്റു വീശി. യിലാൻ നഗരത്തിന് ചുറ്റുമുള്ള വടക്കൻ തീരപ്രദേശങ്ങളിൽ തിങ്കളാഴ്ച മുതൽ 1.06 മീറ്ററിലധികം മഴ പെയ്തു.


വടക്കുകിഴക്കൻ തുറമുഖ നഗരമായ കീലുങ്ങിനും തലസ്ഥാനമായ തായ്‌പേയ്‌ക്കും സമീപ പ്രദേശങ്ങളിൽ വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. പർവതപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ചില പ്രദേശങ്ങളിൽ രണ്ട് ദിവസത്തെ അടച്ചിടലിന് ശേഷം സ്കൂളുകളും ഓഫീസുകളും വീണ്ടും തുറന്നു.


കിഴക്കൻ ഹുവാലിയൻ കൗണ്ടിയിലെ മിംഗ്ലി ഗ്രാമത്തിലാണ് കൊടുങ്കാറ്റ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയത്. അരുവി കരകവിഞ്ഞതിനെ തുടർന്ന് കനത്ത വെള്ളപ്പൊക്കമുണ്ടായി. വെള്ളപ്പൊക്കത്തെത്തുടർന്ന് ഹൈവേയുടെ ഒരു ഭാഗം അടച്ചു. ഫിലിപ്പീൻസിൽ ചുഴലിക്കാറ്റായി കരയിലേക്ക് ആഞ്ഞടിച്ച ഫങ്-വോങ്, വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കുറഞ്ഞത് 27 പേരുടെ മരണത്തിനും കാരണമായി. തായ്‌വാനെ സമീപിച്ചപ്പോഴേക്കും കാറ്റിന്റെ വേഗത കുറ‍ഞ്ഞത് കൂടുതൽ ദുരന്തം ഒഴിവാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home