മിസൈൽ ആക്രമണം; ഡൽഹി-ടെൽ അവീവ് എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു

പ്രതീകാത്മക ചിത്രം
ടെൽ അവീവ്: എയർ ഇന്ത്യയുടെ ഡൽഹി- ടെൽ അവീവ് വിമാനം വഴിതിരിച്ചുവിട്ടു. അബുദാബിയിലേക്കാണ് വിമാനം വഴിതിരിച്ചുവിട്ടത്. ഇസ്രയേലിൽ ബെൻ ഗുറിയോൺ വിമാനത്താവളത്തിന് സമീപം മിസൈൽ ആക്രമണമുണ്ടായതിനെ തുടർന്നാണ് വിമാനം അബുദാബിയിലേക്ക് തിരിച്ചുവിട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഡൽഹിയിൽ നിന്നും ഇന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787 വിമാനമാണ് വഴിതിരിച്ചുവിട്ടത്. വിമാനം ടെൽ അവീവിൽ ഇറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ആക്രമണം നടന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. ജോർദാനിയൻ വ്യോമാതിർത്തിയിൽ ആയിരുന്നപ്പോഴാണ് വിമാനം അബുദാബിയിലേക്ക് തിരിച്ചുവിടാൻ തീരുമാനമായത്.
വിമാനം ഡൽഹിയിലേക്ക് തിരികെ വരുമെന്ന് അധികൃതർ പറഞ്ഞു. ടെൽ അവീവിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ ഞായറാഴ്ചത്തെ വിമാനം റദ്ദാക്കി. യെമനിൽ നിന്ന് വിക്ഷേപിച്ച മിസൈൽ ടെൽ അവീവ് വിമാനത്താവളത്തിന് സമീപം പതിച്ചതിനെത്തുടർന്ന് അവിടേക്കുള്ള വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവച്ചതായാണ് വിവരം.
ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ മെയ് 6 വരെ ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുനാനതായി എയർ ഇന്ത്യ അറിയിച്ചു. മെയ് 4 നും 6 നും ഇടയിൽ എയർ ഇന്ത്യയുടെ ടെൽ അവീവ് വിമാനങ്ങൾക്ക് ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് ഒറ്റത്തവണ ഇളവ് അനുവദിക്കും. അല്ലെങ്കിൽ മുഴുവൻ പണവും തിരികെ നൽകാനും തയാറാണെന്നും എയർലൈൻസ് പറഞ്ഞു.








0 comments