print edition ജനലക്ഷങ്ങൾ സാക്ഷി; ഖമനേയിക്ക് ഇറാന്റെ അന്ത്യാഭിവാദനം

Image credit : tribuneindia
തെഹ്‌റാൻ: യുഎസ്– ഇസ്രയേൽ ഭീകരസംഘം കൊലപ്പെടുത്തിയ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം ലക്ഷങ്ങളെ സാക്ഷിയാക്കി ഖബറടക്കി. വ്യാഴാഴ്ച അദ്ദേഹത്തിന്റെ ജന്മനാടായ മഷദിലെ ഇമാം റെസാ മഖ്ബറയിൽ പൂർണമായ ഒൗദ്യോഗിക ബഹുമതികളോടെയും മതപരമായ ചടങ്ങുകളോടെയുമായിരുന്നു ഖബറടക്കം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മുഹമ്മദ് നബിയുടെ പരമ്പരയിൽപ്പെട്ട ഇമാം റെസായുടെ ഖബറിന് സമീപമാണ് അന്ത്യവിശ്രമമൊരുക്കിയത്.
കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ ഖബറടക്കി. തെഹ്‌റാനിലും ഇറാനിലെയും ഇറാഖിലെയും ഷിയാ തീർഥാടനകേന്ദ്രങ്ങളിലുമായി ആറുദിവസം നീണ്ടുനിന്ന പൊതുദർശനത്തിനും വിലാപയാത്രയ്‌ക്കുംശേഷമായിരുന്നു ഖബറടക്കം. ജനലക്ഷങ്ങളുടെ വികാരനിർഭര യാത്രാമൊഴികളും, യുഎസിനും സയിണിസ്‌റ്റ് ഭീകരതയ്‌ക്കുമെതിരായ പ്രതിഷേധവും അലയടിച്ച വിലാപയാത്രയ്‌ക്കാണ് ലോകം സാക്ഷ്യംവഹിച്ചത്. ഫെബ്രുവരി 28-ന് തെഹ്‌റാനിൽ നടന്ന വ്യോമാക്രമണത്തിലാണ് ഖമനേയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ഇറാഖിലെ പുണ്യനഗരങ്ങളായ നജാഫ്, കർബല എന്നിവിടങ്ങളിലെ വിലാപയാത്രകൾക്ക് ശേഷം, ഭൗതികശരീരം വ്യാഴാഴ്ച രാവിലെയാണ് മഷദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്.
രാവിലെ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നിയന്ത്രിക്കാനാകാത്ത ജനത്തിരക്ക് കാരണം രാത്രിയോടെയാണ് മതപരമായ ചടങ്ങുകൾ ആരംഭിച്ചത്. ഇറാഖിലെ വിലാപയാത്ര വൈകിയതിനെ തുടർന്ന് രാവിലെ നിശ്ചയിച്ച ചടങ്ങുകൾ പകൽ 2.30ലേക്ക് മാറ്റിയിരുന്നെങ്കിലും ഏറെ വൈകി. നജാഫിൽ മാത്രം വിലാപയാത്രയിൽ 23 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തതായാണ് റിപ്പോർട്ട്. തെഹ്‌റാൻ–-മഷാദ് റെയിൽപാത ബുധനാഴ്‌ച രാത്രിയിൽ യുഎസ് ആക്രമണത്തിൽ തകർന്നതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടെങ്കിലും ആളുകൾ ഒഴുകിയെത്തിയതായാണ് റിപ്പോർട്ട്. യുഎസ്–ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭമായി കൂടി ഖമനേയിയുടെ അന്ത്യനിദ്ര മാറി. യുഎസ് ഇസ്രയേൽ കൊലയാളികളോട് പകരം വീട്ടണമെന്നും ഡോണൾഡ് ട്രംപിനെയും ബെന്യമിൻ നെതന്യാഹുവിനെയും വധിക്കണമെന്നും ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളും ബോർഡുകളും വ്യാപകമായി ഉയർന്നു.











0 comments