കുടിയേറ്റ നയങ്ങൾ നീതിയുക്തമാക്കണം; യുകെ പാർലമെന്റിലേക്ക് നാളെ തൊഴിലാളികളുടെയും വിദ്യാർഥികളുടെയും മാർച്ച്

ലണ്ടൻ: ബ്രിട്ടനിലെ കുടിയേറ്റ നയങ്ങൾ നീതിയുക്തമാക്കണമെന്നും കുടിയേറ്റക്കാർക്ക് സ്ഥിരതാമസത്തിനുള്ള അവകാശം നിഷേധിക്കുന്ന സർക്കാർ നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലാളികളും വിദ്യാർഥികളും നാളെ (ജൂൺ 15) യുകെ പാർലമെന്റ് (ഹൗസ് ഓഫ് കോമൺസ്) ലോബി ചെയ്യുന്നു. ഹൗസ് ഓഫ് കോമൺസിലെ കമ്മിറ്റി റൂം 12-ലാണ് ട്രേഡ് യൂണിയൻ പ്രവർത്തകരും കുടിയേറ്റ തൊഴിലാളികളും വിദ്യാർത്ഥികളും ഒത്തുചേരുന്നത്.
ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ഗ്രേറ്റ് ബ്രിട്ടൻ (IWA GB), സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ യുകെ (SFI UK) എന്നിവർ സംയുക്തമായാണ് പാർലമെന്ററി ലോബി സംഘടിപ്പിക്കുന്നത്. 'Challenging Injustice: For Fair Anti-Racist Immigration and Nationality Laws in Britain' എന്ന പുതിയ റിപ്പോർട്ടിന്റെ പ്രകാശനത്തോടനുബന്ധിച്ചാണ് പ്രതിഷേധ പരിപാടി.
നിലവിലുള്ള അഞ്ച് വർഷത്തെ സ്ഥിരതാമസ കാലാവധിക്ക് പകരം പുതിയ "ഏൺഡ് സെറ്റിൽമെന്റ്" (Earned Settlement) മാതൃക നടപ്പിലാക്കാനുള്ള ബ്രിട്ടീഷ് സർക്കാരിന്റെ നീക്കങ്ങളിൽ വലിയ ആശങ്കയാണ് ഉയരുന്നത്. പുതിയ പദ്ധതി നിലവിൽ വന്നാൽ സ്ഥിരതാമസത്തിനുള്ള അർഹത നേടാൻ കുടിയേറ്റക്കാർ 10 മുതൽ 20 വർഷം വരെ കാത്തിരിക്കേണ്ടി വന്നേക്കാം.
പുതിയ മാറ്റങ്ങൾ എൻഎച്ച്എസ്, സോഷ്യൽ കെയർ, ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി, റീട്ടെയ്ൽ തുടങ്ങിയ മേഖലകളിലെ കുറഞ്ഞ വേതനക്കാരായ തൊഴിലാളികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടന്റെ സാമ്പത്തിക രംഗത്ത് നിർണായക സംഭാവന നൽകുന്ന ജീവനക്കാർക്ക് സുരക്ഷിതത്വത്തിലേക്കുള്ള വഴി ഇതോടെ ദീർഘമാകും. കൂടാതെ വിസ സ്പോൺസർഷിപ്പിനായി ഇവർക്ക് തൊഴിലുടമകളെ അമിതമായി ആശ്രയിക്കേണ്ടതായും വരും. യൂണിവേഴ്സിറ്റികളിലെ താല്ക്കാലിക കരാർ ഗവേഷകരെയും ജൂനിയർ അധ്യാപകരെയും ഈ കടുത്ത നിയമങ്ങൾ പ്രതികൂലമായി ബാധിക്കും.
2026 മെയ് മാസത്തിൽ IWA GB-യും SFI UK-യും സംയുക്തമായി നടത്തിയ സർവേയിലെ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. കുടിയേറ്റ തൊഴിലാളികളിൽ നിന്നും അന്താരാഷ്ട്ര വിദ്യാർഥികളിൽ നിന്നും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
പങ്കെടുത്തവരിൽ 60 ശതമാനം പേരും വിസ അപേക്ഷകളിലോ സെറ്റിൽമെന്റ് നടപടികളിലോ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നതായി സമ്മതിച്ചു. പത്തിൽ നാലുപേർ വിസ ഫീസും ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് (IHS) ചെലവുകളും വലിയ സാമ്പത്തിക ബാധ്യതയാണെന്ന് വ്യക്തമാക്കി. കൂടാതെ 35 ശതമാനം പേർ തൊഴിലിടങ്ങളിലോ താമസസ്ഥലത്തോ വംശീയ വിവേചനം അനുഭവിച്ചതായും 40 ശതമാനം പേർ ഇമിഗ്രേഷൻ സ്റ്റാറ്റസ് കാരണം മികച്ച താമസസൗകര്യം ലഭിക്കുന്നതിൽ തടസ്സങ്ങൾ നേരിട്ടതായും സർവേ കണ്ടെത്തി. ഇതിനെല്ലാ പുറമെ കടുത്ത ഇമിഗ്രേഷൻ നയങ്ങൾ തങ്ങളുടെ മാനസികാരോഗ്യത്തെ ഗണ്യമായി ബാധിച്ചതായി 70 ശതമാനത്തോളം പേർ രേഖപ്പെടുത്തിയിട്ടുണ്ട്.
സാമ്പത്തിക സമ്മർദ്ദം, ഭാവിയിലെ അനിശ്ചിതത്വം, കുടുംബങ്ങളിൽ നിന്നുള്ള ദീർഘകാല വേർപാട് എന്നിവ തങ്ങളെ വേട്ടയാടുന്നതായി സർവേയിൽ പങ്കെടുത്തവർ പറഞ്ഞു. പല തൊഴിലിടങ്ങളിലെയും ചൂഷണങ്ങളെ ചോദ്യം ചെയ്യാൻ കഴിയാത്ത വിധം വിസ സ്പോൺസർഷിപ്പ് സംവിധാനത്തിൽ തങ്ങൾ കുടുങ്ങിപ്പോയതായും ചിലർ വെളിപ്പെടുത്തി.
സ്ഥിരതാമസ കാലാവധി നീട്ടുന്നതും വിസ ചെലവുകൾ വർദ്ധിപ്പിക്കുന്നതും എൻഎച്ച്എസ്, സോഷ്യൽ കെയർ മേഖലകളിലെ ജീവനക്കാരുടെ കുറവ് കൂടുതൽ രൂക്ഷമാക്കുമെന്ന് വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. നാളെ വെസ്റ്റ്മിൻസ്റ്ററിലെത്തുന്ന ലോബി പ്രധാനപ്പെട്ട ആവശ്യങ്ങളാണ് എംപിമാരുടെ മുന്നിൽ ഉന്നയിക്കുന്നത്.
സ്ഥിരതാമസത്തിനായുള്ള നിലവിലെ 5 വർഷത്തെ രീതി മാറ്റമില്ലാതെ സംരക്ഷിക്കുക, വിസ ഫീസും ഹെൽത്ത് സർചാർജും വെട്ടിക്കുറയ്ക്കുക എന്നതാണ് ഇതിൽ പ്രധാനം. തൊഴിലിടങ്ങളിലെ ചൂഷണങ്ങളിൽ നിന്നും വിവേചനങ്ങളിൽ നിന്നും കുടിയേറ്റക്കാർക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും പഠനത്തിന് ശേഷം അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ബ്രിട്ടനിൽ ജോലി ചെയ്യാനുള്ള അവസരങ്ങൾ നിലനിർത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.









0 comments