ad
Deshabhimani

പകർച്ചവ്യാധികൾ പടരുന്നു

നാഥനില്ലാ പ്രതിരോധം

a
വെബ് ഡെസ്ക്

Published on Jun 15, 2026, 12:21 AM | 1 min read

കോഴിക്കോട്‌

ജില്ലയിൽ നിപായ്ക്കും ഷിഗല്ലയ്‌ക്കും പുറമേ ആശങ്കയുയർത്തി പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോഴും നാഥനില്ലാതെ ആരോഗ്യ രംഗം. ശനിയാഴ്‌ച മാത്രം 1142 പേരാണ്‌ പനി ബാധിച്ച്‌ ആശുപത്രികളിൽ ചികിത്സ തേടിയത്‌. ശനി 24 പേർക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 19 പേർ നിരീക്ഷണത്തിലുമുണ്ട്‌. 325 പേരാണ്‌ ചികിത്സ തേടിയെത്തിയത്‌. അഞ്ച്‌ പേർ ഹെപ്പറ്റൈറ്റിസിനും ചിക്കൻപോക്‌സിനും രണ്ട്‌ പേർ ഇൻഫ്ലുവൻസയ്ക്കും ചികിത്സ തേടി. ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിലും തുടർനടപടികളിലുമുള്ള ഏകോപനമില്ലായ്മയും തുടരുകയാണ്‌.

നിപാ പ്രതിരോധത്തിൽ തുടക്കത്തിൽ തന്നെ സർക്കാരിന്‌ പാളി. മന്ത്രിമാരാരും തിരിഞ്ഞുനോക്കിയില്ല. വലിയ വിമർശനമുയർന്നതോടെയാണ്‌ ആരോഗ്യ മന്ത്രി കെ മുരളീധരൻ ഞായറാഴ്‌ച ജില്ലയിലെത്തിയത്‌. ഷിഗല്ല തടയുന്നതിലും വീഴ്‌ച തുടരുകയാണ്‌.

ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും മഴക്കാലപൂർവ ശുചീകരണം പാളി. യാതൊരു മുന്നൊരുക്കവും നടത്താൻ തദ്ദേശ സ്വയംഭരണ വകുപ്പിനായില്ല. പലയിടത്തും ഓവുചാലുകൾ പോലും വൃത്തിയാക്കിയിട്ടില്ല. മാലിന്യനീക്കം നിലച്ചു. പ്രധാന ആശുപത്രികളിൽപോലും ഡോക്ടർമാരും നഴ്‌സുമാരുമില്ല. അന്യായ സ്ഥലംമാറ്റവും ഒഴിവുകൾ നികത്താത്തതും പ്രതിസന്ധിയാണ്‌. ജില്ലയിൽ മെഡിക്കൽ കോളേജ് ഒഴികെയുള്ള ആശുപത്രികളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരടക്കം പുതിയ 36 പേർ വേണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ മാത്രം എട്ട് ഒഴിവുണ്ട്. നാല്‌ പ്രൊഫസർമാരുണ്ടായതിൽ ഒരാളെ മാറ്റി. മെഡിക്കൽ കോളേജിൽ ചുരുങ്ങിയത്‌ 250 പുതിയ നഴ്‌സുമാരുടെ ആവശ്യമാണുള്ളത്‌.

മെഡിക്കൽ കോളേജിൽ ഉൾപ്പെടെ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ സ്ഥാപിതമായ ആശുപത്രി കെട്ടിടങ്ങളിൽ പുതിയ സംവിധാനമൊരുക്കണം. ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണം. ഇക്കാര്യങ്ങളിലൊന്നും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. മഴക്കാല രോഗങ്ങൾ മുന്നിൽകണ്ടുള്ള ഒരു ആസൂത്രണവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. പ്രാദേശിക തലത്തിൽ വിമർശനമുയരുമ്പോൾ മാത്രമാണ്‌ ഇടപെടൽ ഉണ്ടാവുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home