പശ്ചിമേഷ്യൻ സംഘർഷം; നയതന്ത്ര നീക്കവുമായി തുർക്കിയും ഈജിപ്തും

പ്രതീകാത്മക എഐ ചിത്രം
തെഹ്റാൻ : പശ്ചിമേഷ്യയിൽ യുദ്ധഭീതി പടർത്തുന്ന അമേരിക്കൻ നീക്കങ്ങൾക്കെതിരെ പശ്ചിമേഷ്യൻ രാജ്യങ്ങളുടെ നയതന്ത്ര ഇടപെടൽ ശക്തമാകുന്നു. തുർക്കിയും ഈജിപ്തും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഇറാന്റെ പ്രതിനിധികളുമായി വീണ്ടും ചർച്ച നടത്തി. മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ ഇറാൻ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇറാന് മേൽ ഇനി ആക്രമണമുണ്ടാകില്ലെന്ന് അമേരിക്ക രേഖാമൂലം ഉറപ്പുനൽകിയാൽ മാത്രമേ ഹോർമുസ് കടലിടുക്ക് തുറക്കുന്നതും ആണവ സമ്പുഷ്ടീകരണം സംബന്ധിച്ച ചർച്ചകളും പരിഗണിക്കൂ എന്ന് ഇറാൻ വ്യക്തമാക്കി.
അതിനിടെ യുഎഇക്ക് നേരെ നടന്ന ആക്രമണം അപ്രതീക്ഷിതമായിരുന്നില്ലെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള വെല്ലുവിളിയാണെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ അൻവർ ഗർഗാഷ് വ്യക്തമാക്കി. പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ സൂചനയാണ് ഈ ആക്രമണമെന്നും മേഖലയിലെ സുരക്ഷാ സമവാക്യങ്ങൾ ഇനി മാറിമറിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രതിസന്ധി ഘട്ടത്തിൽ ജിസിസിയുടെ കെട്ടുറപ്പ് സമീപകാലത്തെ ഏറ്റവും മോശം നിലയിലേക്ക് എത്തിയെന്നും ഗർഗാഷ് തുറന്നടിച്ചു. മേഖലയുടെ ഐക്യത്തിനും സുരക്ഷയ്ക്കും അനിവാര്യമായ ജിസിസി കൂട്ടായ്മ അർഹിക്കുന്ന ഗൗരവത്തോടെ പ്രവർത്തിക്കുന്നില്ല എന്ന വിമർശനമാണ് അദ്ദേഹം പരോക്ഷമായി നടത്തിയത്. അറബ് ലീഗിന്റെ പ്രവർത്തനങ്ങൾ പ്രഖ്യാപിത ലക്ഷ്യങ്ങൾക്കോ ജനങ്ങളുടെ പ്രതീക്ഷക്കോ ഒത്തുയർന്നില്ലെന്ന കടുത്ത അതൃപ്തിയും അദ്ദേഹം പ്രകടിപ്പിച്ചു.










0 comments