ad
Deshabhimani

പശ്ചിമേഷ്യൻ സംഘർഷം: ഇറാഖ് എണ്ണ ഉല്പാദനം വെട്ടിക്കുറച്ചു; ഇന്ത്യക്ക് തിരിച്ചടിയാവും

crude oil
വെബ് ഡെസ്ക്

Published on Mar 04, 2026, 11:47 AM | 2 min read

ന്യൂഡൽഹി : അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന ഇറാൻ അധിനിവേശം തുടരുന്നതിനാൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ എണ്ണ ഉൽപ്പാദനം താളം തെറ്റുന്നു. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ കയറ്റുമതി തടസ്സപ്പെട്ട ഇറാഖ് പ്രതിദിന എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നതായി അറിയിച്ചു. 15 ലക്ഷം ബാരലാണ് ചുരുക്കിയത്. വരും ദിവസങ്ങളിൽ ഇത് 30 ലക്ഷം ബാരലായി വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ.


ലോകത്തെ മൊത്തം എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഗതാഗതം നാലാം ദിവസവും തടസ്സപ്പെട്ടതോടെ ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾ കടുത്ത ഊർജ്ജ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.


ഇറാഖ് ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. കഴിഞ്ഞ ഡിസംബറിലെ കണക്കനുസരിച്ച് ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരാണ് ഇറാഖ്. പ്രതിദിനം 8.7 ലക്ഷം ബാരൽ എണ്ണയാണ് ഇറാഖിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയിരുന്നത്.


Related News

പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മൂലം റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ കഴിഞ്ഞ മാസങ്ങളിൽ 22 ശതമാനത്തോളം കുറവ് വന്നിരുന്നു. എന്നാൽ പശ്ചിമേഷ്യ സംഘർഷത്തിലേക്ക് നീങ്ങുകയും ഇറാഖും ഖത്തറും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് എണ്ണ എത്തുന്നത് തടസ്സപ്പെടുകയും ചെയ്തതോടെ ഇന്ത്യയ്ക്ക് മുന്നിൽ ഇനി റഷ്യൻ എണ്ണയല്ലാതെ മറ്റ് വഴികളില്ല.


യുഎസ് ഉപരോധം മറികടന്ന് റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ എത്തിച്ചാൽ മാത്രമേ രാജ്യത്തെ ആഭ്യന്തര ഇന്ധന വില വർധിക്കാതെ പിടിച്ചു നിൽക്കാനാകൂ. നിലവിൽ ഡിസംബറിലെ കണക്കനുസരിച്ച് പ്രതിദിനം 13.8 ലക്ഷം ബാരൽ എണ്ണ നൽകുന്ന റഷ്യ തന്നെയാണ് ഇന്ത്യയുടെ ഒന്നാമത്തെ വിതരണക്കാർ. എന്നാൽ ജനുവരിയിലെ പ്രാഥമിക കണക്കുകൾ പ്രകാരം 198 കോടി ഡോളറിന്റെ എണ്ണ മാത്രമാണ് റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങിയത്. കഴിഞ്ഞ 44 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2025 മെയ് മാസത്തിൽ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 33 ശതമാനവും റഷ്യയിൽ നിന്നായിരുന്നെങ്കിൽ, ഈ ജനുവരിയിൽ അത് 19.3 ശതമാനമായി കുറഞ്ഞു.


ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ സംബന്ധിച്ച സംയുക്ത പ്രസ്താവന പുറത്തുവരുന്നതിന് തൊട്ടുമുമ്പാണ് റഷ്യൻ എണ്ണ വിഹിതത്തിൽ ഈ ഇടിവുണ്ടായത്. പശ്ചിമേഷ്യയിലെ പ്രതിസന്ധി തുടർന്നാൽ റഷ്യയെ വീണ്ടും ആശ്രയിക്കാതെ ഇന്ത്യക്ക് മുന്നോട്ട് പോകാൻ കഴിയില്ല.


സംഭരണശേഷി കുറഞ്ഞതും കയറ്റുമതി നിലച്ചതുമാണ് ഉൽപ്പാദനം കുറയ്ക്കാൻ ഇറാഖിനെ നിർബന്ധിതമാക്കിയത്. റുമൈല ഫീൽഡിൽ നിന്ന് ഏഴു ലക്ഷം ബാരലും വെസ്റ്റ് ഖുർണയിൽ നിന്ന് 4.6 ലക്ഷം ബാരലും ഉൽപ്പാദനം കുറച്ചു. മെയ്‌സാൻ ഫീൽഡിലെ ഉൽപ്പാദനത്തിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വഴി ടാങ്കറുകൾക്ക് സുഗമമായി നീങ്ങാൻ കഴിയാത്ത പക്ഷം ഇറാഖിലെ എണ്ണ ഖനനം പൂർണ്ണമായും നിലയ്ക്കുന്ന അവസ്ഥയാണുള്ളത്.


​പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധർ. ചൈനയും ഇന്ത്യയുമാണ് ഇറാഖിന്റെ എണ്ണ കയറ്റുമതിയുടെ മൂന്നിൽ രണ്ട് ഭാഗവും കൈപ്പറ്റുന്നത് എന്നതിനാൽ ഏഷ്യൻ വിപണിയിലാകെ ഇതിന്റെ പ്രത്യാഘാതങ്ങൾ പ്രതിഫലിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home