കുഞ്ഞുങ്ങളെ അടിമകളാക്കുന്ന ഡിസൈൻ; മെറ്റയ്ക്കും യൂട്യൂബിനുമെതിരെ അമേരിക്കയിൽ വിചാരണ

ലോസ് ആഞ്ചലസ്: കുട്ടികളെയും കൗമാരക്കാരെയും തങ്ങളുടെ പ്ലാറ്റ്‌ഫോമുകൾക്ക് അടിമകളാക്കാൻ ബോധപൂർവ്വം സാങ്കേതിക വിദ്യകൾ ഉപയോഗിച്ചെന്ന പരാതിയിൽ ആഗോള ടെക് ഭീമന്മാരായ മെറ്റയും യൂട്യൂബും കോടതിയിൽ വിചാരണ നേരിടുന്നു.
ലോസ് ആഞ്ചലസ് സുപ്പീരിയർ കോടതിയിൽ ആരംഭിച്ച ഈ കേസ് ആഗോളതലത്തിൽ സോഷ്യൽ മീഡിയ കമ്പനികളുടെ പ്രവർത്തനരീതിയിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാവുന്ന ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.
പത്താം വയസ്സിൽ സോഷ്യൽ മീഡിയ ഉപയോഗിച്ച് തുടങ്ങി പിന്നീട് ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് നീങ്ങിയ 19 വയസ്സുകാരിയായ കെജിഎം സമർപ്പിച്ച ഹർജിയിലാണ് വിചാരണ നടക്കുന്നത്.
ഏകദേശം 1,600 കുടുംബങ്ങളും സ്കൂൾ ഡിസ്ട്രിക്റ്റുകളും സമാനമായ പരാതിയുമായി ഇവർക്കൊപ്പം ചേർന്നിട്ടുണ്ട്. ഇൻഫിനിറ്റ് സ്ക്രോളിംഗ്, ഓട്ടോപ്ലേ, നിർത്താതെയുള്ള നോട്ടിഫിക്കേഷനുകൾ എന്നിവ കുട്ടികളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കാനും അവരെ ആപ്പുകളിൽ തന്നെ തളച്ചിടാനും ഉദ്ദേശിച്ചുള്ളതാണെന്ന് പരാതിയിൽ പറയുന്നു.
ഇത് ചൂതാട്ട കേന്ദ്രങ്ങളിലെ സ്ലോട്ട് മെഷീനുകൾക്ക് സമാനമാണെന്നും ആരോപണമുണ്ട്. ഇത്തരത്തിലുള്ള അഡിക്ഷൻ കുട്ടികളിൽ വിഷാദം, ഭക്ഷണക്രമത്തിലെ വൈകല്യങ്ങൾ, ആത്മഹത്യാ പ്രവണത എന്നിവയ്ക്ക് കാരണമാകുന്നുണ്ടെന്ന് ഹർജിക്കാർ വാദിക്കുന്നു.
കുട്ടികളുടെ സുരക്ഷയേക്കാൾ കൂടുതൽ ലാഭത്തിനും പരസ്യ വരുമാനത്തിനും കമ്പനികൾ മുൻഗണന നൽകിയതായും ഇതിനായി കുട്ടികളുടെ മനഃശാസ്ത്രപരമായ പ്രത്യേകതകളെ ചൂഷണം ചെയ്തതായും ആരോപണമുണ്ട്.
എന്നാൽ ഈ ആരോപണങ്ങൾ മെറ്റയും യൂട്യൂബും തള്ളിക്കളഞ്ഞു. കുട്ടികൾക്കായി നിരവധി സുരക്ഷാ സംവിധാനങ്ങൾ തങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് മറ്റ് പല സാമൂഹിക കാരണങ്ങളുമുണ്ടെന്നുമാണ് കമ്പനികളുടെ നിലപാട്.
മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് ഉൾപ്പെടെയുള്ള പ്രമുഖർ കേസിൽ സാക്ഷികളായി വിചാരണ നേരിടാൻ സാധ്യതയുണ്ട്. നേരത്തെ ഈ കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന സ്നാപ്ചാറ്റ്, ടിക് ടോക് എന്നീ കമ്പനികൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് തയ്യാറായിരുന്നു.
എന്നാൽ മെറ്റയും ഗൂഗിളും നിയമപോരാട്ടവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ആറ് മുതൽ എട്ട് ആഴ്ച വരെ ഈ വിചാരണ നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ട്.










0 comments