കേന്ദ്രസർക്കാരിനെതിരെ മെഹുൽ ചോക്സി യുകെ കോടതിയിൽ

ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്രവ്യാപാരി മെഹുൽ ചോക്സി കേന്ദ്രസർക്കാരിനെതിരെ ലണ്ടൻ ഹൈക്കോടതിയിൽ ആരോപണം ഉന്നയിച്ചു. 2021-ൽ ഇന്ത്യൻ ഏജന്റുമാർ തന്നെ ആന്റിഗ്വയിൽ നിന്ന് ഡൊമിനിക്കയിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും നിയമവിരുദ്ധമായി നാടുകടത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. തന്നെ നിർബന്ധിച്ച് നാട്ടിലേക്ക് കൊണ്ടുപോകാൻ ഇന്ത്യൻ അധികാരികളുമായി ചേർന്ന് പ്രവർത്തിച്ചതായി ആരോപിച്ച് യുകെയിലുള്ള അഞ്ച് വ്യക്തികൾക്കെതിരെയും ചോക്‌സി കേസ് ഫയൽ ചെയ്തിട്ടുണ്ട്.
ജൂൺ 16 ന് കേസിൽ ജസ്റ്റിസ് ഫ്രീഡ്മാന്റെ മുമ്പാകെ വാദം കേട്ടിരുന്നു. ഇവിടെയാണ് ചോക്സിയുടെ അഭിഭാഷകർ കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചത്. ആന്റിഗ്വയിലെ വീടിനടുത്ത് വെച്ച് ചോക്സിയെ ആക്രമിച്ചതായും കണ്ണും വായയും മൂടിക്കെട്ടി ബോട്ടിൽ കയറ്റി വീണ്ടും മർദ്ദിക്കുകയും, ഇന്ത്യയിലേക്ക് മടങ്ങാനും കുറ്റസമ്മതത്തിൽ ഒപ്പിടാനും സമ്മതിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആരോപണം. വായ്പ തട്ടിപ്പിന് പിന്നാലെ രാജ്യംവിട്ട ചോക്സിക്കെതിരെ ലണ്ടനിലെ സിവിൽ കേസി നിലവിലുണ്ട്.
ഏപ്രിലിൽ ബെൽജിയത്തിൽ ചോക്സി അറസ്റ്റിലായതായി വാർത്തകൾ പുറത്തുവന്നിരുന്നു. ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ ബെൽജിയം സർക്കാർ ആരംഭിച്ച നടപടികൾ പുരോഗമിക്കുകയാണ്. ഈ വർഷം ആദ്യമാണ് ചോക്സിയെ കൈമാറണമെന്നു കാണിച്ച് സിബിഐ അപേക്ഷ നൽകിയത്. രാജ്യത്തെ ബാങ്കിങ് മേഖലയെ മുഴുവൻ പിടിച്ചുകുലുക്കിയ കോടികളുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിലെ പ്രധാന പ്രതികളിലൊരാളാണ് ചോക്സി. തട്ടിപ്പ് പുറത്തുവരുന്നതിനു മുമ്പ് ഇയാൾ രാജ്യം വിട്ടിരുന്നു. 13,850 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയാണ് മെഹുൽ ചോക്സിയും അനന്തരവൻ നീരവ് മോദിയും. 2018 മുതൽ ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയായിരുന്നു. 2018ലും 2021ലുമായി മുംബൈ പൊലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഇന്ത്യയെ അപമാനിക്കാനും അതുവഴി നേട്ടമുണ്ടാക്കാനാകുമെന്ന ഉദ്ദേശ്യത്തോടെയാണ് ചോക്സിയുടെ അവകാശവാദമെന്ന് ഇന്ത്യക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവെ വാദിച്ചു.
0 comments