ad
Deshabhimani

തുറമുഖങ്ങൾ പണിയിടങ്ങളാണ് ചോരക്കളമല്ല; യുദ്ധത്തിനും ആയുധവൽക്കരണത്തിനുമെതിരെ ഡോക്ക് തൊഴിലാളികളുടെ അന്താരാഷ്ട്ര സമരം

medi dock
വെബ് ഡെസ്ക്

Published on Feb 07, 2026, 05:10 PM | 2 min read

മെഡിറ്ററേനിയൻ മേഖലയിൽ ഇരുപതിലധികം തുറമുഖങ്ങളിലായി ഡോക്ക് തൊഴിലാളികൾ അന്താരാഷ്ട്ര സമരദിനം ആചരിച്ചു. യുദ്ധത്തിനും പുനഃസായുധവൽക്കരണത്തിനും എതിരെ മുദ്രാവാക്യം മുഴക്കി. തുറമുഖങ്ങളുടെ സ്വകാര്യവൽക്കരണവും സൈനികവൽക്കരണവും അവസാനിപ്പിക്കണമെന്ന ആവശ്യം ഉയര്‍ത്തിയും സമരത്തിൽ ആയിരങ്ങൾ അണി ചേര്‍ന്നു. ഈ സമരം ചരിത്രപരമായി മാറിയതായി തൊഴിലാളി സംഘടനകൾ വ്യക്തമാക്കി.


ഫലസ്തീനായുള്ള ഐക്യദാർഢ്യവും സ്വന്തം രാജ്യങ്ങളിലെ മാന്യമായ തൊഴിൽ സാഹചര്യങ്ങൾക്കായുള്ള പോരാട്ടങ്ങളും ചേർന്നതാണ് ഈ സമരമെന്ന് അവര്‍ വ്യക്തമാക്കി. സമരം ആരംഭിക്കുന്ന വിവരം അറിഞ്ഞ് ഇസ്രായേലിലേക്ക് സൈനിക ചരക്ക് കൊണ്ടുപോകുന്ന കപ്പലുകൾ അവരുടെ യാത്രാ മാർഗങ്ങൾ മാറ്റിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു.


ജർമ്മൻ തുറമുഖങ്ങളിലും യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഉയർന്നുവരുന്ന മൊബിലൈസേഷനുകളിലും സമീപകാലത്ത് സമര സംഘടനകൾക്ക് പിന്തുണയുണ്ട്. മെഡിറ്ററേയനും അതിനപ്പുറവും എന്ന മുദ്രവാക്യം ഉയര്‍ത്തിയാണ് സമരാഹ്വാനം ചെയ്തത്.


“തുറമുഖങ്ങൾ പണിയിടങ്ങളാണ്,

ചോരയല്ല വിയര്‍പ്പാണ്”


ഗ്രീസ് രാജ്യത്തെ പിറെയൂസ്,എലെഫ്സിന തുറമുഖങ്ങൾ,തുർക്കിയിലെ മെർസിൻ,ബാസ്‌ക് മേഖലയിലെ ബിൽബാവോ,പസായ എന്നിവിടങ്ങളിൽ രാവിലെ തന്നെ പ്രതിഷേധങ്ങൾ ആരംഭിച്ചു. തുർക്കിയിലെ ലിമാൻ-ഇഷ് യൂണിയൻ നൂറുകണക്കിന് തൊഴിലാളികളെ അണിനിരത്തി, “ജനഹത്യയ്‌ക്കെതിരെയും ഫലസ്തീനോടുള്ള ഐക്യദാർഢ്യത്തിനുമുള്ള” ശക്തമായ സന്ദേശം ഉയർത്തി. ബാസ്‌ക് രാജ്യത്തെ യൂണിയനും സമാന നിലപാട് ആവർത്തിച്ചു.


“അവകാശങ്ങളില്ലാത്ത ജോലി ഞങ്ങൾ അംഗീകരിക്കില്ല.വികസനം എന്നത് ജീവനോടെ വീട്ടിലെത്തുക എന്നതാകണം.തുറമുഖങ്ങൾ യുദ്ധത്തിനല്ല,തൊഴിലിനാണ് — അവ ചോരക്കല്ല,വിയർക്കലാണ്,”എന്ന മുദ്രാവാക്യങ്ങൾ ഉയര്‍ത്തി.


ഇറ്റലിയിൽ വൻ മുന്നേറ്റം


ഇറ്റലിയിൽ ആൻകോന, ബാരി, കലിയാരി, സിവിറ്റവെക്കിയ, ക്രോട്ടോണെ,ജെനോവ, ലിവോർണോ, പാലെർമോ, റാവെന്ന, സാലേർണോ, ട്രിയസ്റ്റേ തുടങ്ങിയ തുറമുഖങ്ങളിൽ ഡോക്ക് തൊഴിലാളികൾക്കൊപ്പം വിദ്യാർത്ഥികളും പൊതുജനങ്ങളും അണിനിരന്നു. ഫലസ്തീനിനായി കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്ന് പൊതുസമരങ്ങൾ സംഘടിപ്പിച്ച ഇറ്റാലിയൻ തൊഴിലാളി പ്രസ്ഥാനം നേരത്തെ ശ്രദ്ധ നേടിയിരുന്നു.


ഫലസ്തീനിയൻ,ക്യൂബൻ പതാകകൾ ഉയർത്തിയ അസംബ്ലികളിൽ തൊഴിലാളികൾ യൂറോപ്യൻ യൂണിയന്റെയും വലതുപക്ഷ സർക്കാരുകളുടെയും തൊഴിലാളി വിരുദ്ധ നയങ്ങളെ ചെറുക്കാൻ അന്താരാഷ്ട്ര ഐക്യദാർഢ്യം അനിവാര്യമാണെന്ന് ഊന്നിപ്പറഞ്ഞു.


ട്രിയസ്റ്റെയിലെ തൊഴിലാളികൾ തുറമുഖ സ്വകാര്യവൽക്കരണത്തിനെതിരെ മുന്നറിയിപ്പ് നൽകി.ബാരിയിലും റാവെന്നയിലും,തുറമുഖ സൗകര്യങ്ങൾ രഹസ്യമായി ഇസ്രായേലിലേക്ക് സൈനികവും അനുബന്ധവുമായ സാമഗ്രികൾ കടത്താൻ ഉപയോഗിക്കുന്നതായി തൊഴിലാളികളും വിദ്യാർത്ഥികളും ആരോപിച്ചു.


“ഇന്ന് തുറമുഖങ്ങൾ,നാളെ മുഴുവൻ ലജിസ്റ്റിക്സ് മേഖല”


ഫ്രാൻസിലെ ഫോസ്-സുർ-മെർ,ജർമനിയിലെ ബ്രെമൻ,ഹാംബർഗ്,കോഴ്സിക്ക തുടങ്ങിയിടങ്ങളിലും സമരം റിപ്പോർട്ട് ചെയ്തു.മൊറോക്കോയിലെ ഡെമോക്രാറ്റിക് ലേബർ ഓർഗനൈസേഷൻ സമര ഒരുക്കങ്ങളിൽ പങ്കെടുത്തിരുന്നെങ്കിലും,അതിശക്തമായ കാലാവസ്ഥ കാരണം തുറമുഖ അടച്ചിട്ടതോടെ രംഗത്തിറങ്ങാവാതെയായി.


അന്താരാഷ്ട്ര ഡോക്ക് തൊഴിലാളി സമരം ഇതോടെ അവസാനിക്കുന്നില്ലെന്ന് തൊഴിലാളികൾ വ്യക്തമാക്കി. “ഇന്ന് തുറമുഖങ്ങളാണ്;നാളെ മുഴുവൻ ലജിസ്റ്റിക്സ് മേഖലയാകും;അതിന് ശേഷം എല്ലാ തൊഴിലാളികളും,”റാവെന്നയിലെ സമരക്കാർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home