കൊന്നൊടുക്കിയത് 262 പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ
ഗാസയിൽ ലോക മാധ്യമങ്ങൾക്കുള്ള വിലക്ക് മൂന്ന് വര്‍ഷം പിന്നിട്ടു, ഇനിയെങ്കിലും തുറന്ന് തരണമെന്ന് ഇസ്രയേൽ സര്‍ക്കാരിന് കത്ത്

കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫലസ്തീൻ ജേണലിസ്റ്റ് സിൻഡിക്കേറ്റ് (PJS) വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ നിന്ന്- ഫയൽ ചിത്രം Zain Jaafar/AFP
ഗാസയിൽ വിദേശ മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന പ്രവേശന വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ലോകത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടെ തലവന്മാർ ഇസ്രായേൽ സർക്കാരിനോട് സംയുക്തമായി ആവശ്യപ്പെട്ടു. അസോസിയേറ്റഡ് പ്രസ് (AP), ബിബിസി (BBC), സിഎൻഎൻ (CNN), റോയിട്ടേഴ്സ് (Reuters), ദ ന്യൂയോർക്ക് ടൈംസ്, ദ വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങി ഇരുപതിലധികം അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങളിലെ എഡിറ്റർമാരാണ് ഈ കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
2023-ൽ ആക്രമണം തുടങ്ങിയത് മുതൽ ഗാസയിൽ വിദേശ മാധ്യമപ്രവർത്തകർക്ക് പ്രവേശനമില്ല. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ട് ആറ് മാസത്തിലധികം പിന്നിട്ടു. അപ്പോഴും മാധ്യമവിലക്ക് തുടരുക തന്നെയാണ്. ഒരു ജനതയെ മുഴുവൻ വംശീയമായി ഇല്ലായ്മ ചെയ്യാൻ ലക്ഷ്യം വെച്ചുള്ള ഇസ്രയേൽ ആക്രമണങ്ങൾ മൂന്ന് വര്‍ഷമായി മാധ്യമങ്ങളുടെ സാന്നിധ്യം പോലുമില്ലാതെ തുടരുന്നു. പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ ഓരോരുത്തരെയായി കൊന്നൊടുക്കി.

കൊന്നൊടുക്കിയത് 262 പേരെ
അന്താരാഷ്ട്ര മാധ്യമ ഫെഡറേഷൻ (IFJ) ന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം ഗാസയിലും പലസ്തീനിലുമായി ഇസ്രായേൽ ആക്രമണത്തിൽ 262 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ മറിയം ഡഗ്ഗ (33) എന്ന ഫ്രീലാൻസ് ജേണലിസ്റ്റ് ഉൾപ്പെടെയുള്ളവരുടെ മരണം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഗാസയിലെ മാധ്യമപ്രവർത്തകരുടെ മരണനിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്. ഇത് ലോകത്തെ മറ്റ് തൊഴിൽ മേഖലകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.
CPJ റിപ്പോർട്ട് പ്രകാരം 2025-ൽ ലോകമെമ്പാടും കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ 80 ശതമാനത്തോളം പേരും ഇസ്രായേൽ ആക്രമണങ്ങളിലാണ് മരിച്ചത്. ഇതിൽ 64-ലധികം പേരെ ഇസ്രായേൽ സൈന്യം ബോധപൂർവം ലക്ഷ്യം വെച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. റിപ്പോർട്ടിംഗിനിടയിലും വീടുകൾ നഷ്ടപ്പെട്ടും പ്രിയപ്പെട്ടവർ കൊല്ലപ്പെട്ടും കൊടും പട്ടിണി അനുഭവിച്ചുമാണ് അവർ ജോലി ചെയ്യുന്നത്. വെടിനിർത്തൽ കാലയളവിൽ മാത്രം എട്ടോളം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു.
യുദ്ധത്തിന്റെ തുടക്കത്തിൽ, വിദേശ മാധ്യമപ്രവർത്തകർക്ക് പ്രവേശനം നൽകുന്നത് സൈനികരുടെ നീക്കങ്ങൾ ചോരാൻ കാരണമാകുമെന്നും അത് സുരക്ഷാ ഭീഷണിയാണെന്നുമാണ് ഇസ്രായേൽ പറഞ്ഞിരുന്നത്. ഇതുകേട്ട് ലോക മാധ്യമങ്ങൾ പിൻവാങ്ങി നിന്ന സാഹചര്യമായിരുന്നു.

ഹര്‍ജി നൽകി കാത്തിരുന്നു
വിഷയത്തിൽ വിദേശ മാധ്യമ സംഘടനയായ ഫോറിൻ പ്രസ് അസോസിയേഷൻ (FPA) ഇസ്രായേൽ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. പക്ഷേ വിധി വരുന്നത് നീണ്ടുപോവുന്ന തന്ത്രമാണ് തുടര്‍ന്നത്. അടുത്ത വാദം മേയ് 24-ന് നടക്കും.
ഗാസയിലെ യഥാർത്ഥ സാഹചര്യങ്ങൾ ലോകത്തെ അറിയിക്കണമെങ്കിൽ മാധ്യമപ്രവർത്തകർ നേരിട്ട് അവിടെ എത്തേണ്ടത് അത്യാവശ്യമാണെന്ന് അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങളിലെ എഡിറ്റർമാരാണ് ഇസ്രയേലിന് നൽകിയ കത്തിൽ പറയുന്നു. ഔദ്യോഗിക ഭാഷ്യങ്ങൾക്കപ്പുറം സിവിലിയന്മാരോട് സംസാരിക്കാനും യാഥാർത്ഥ്യം മനസ്സിലാക്കാനും ഇത് ആവശ്യമാണ് എന്നും ചൂണ്ടികാട്ടുന്നു.
"പത്രസ്വാതന്ത്ര്യം ഏതൊരു തുറന്ന സമൂഹത്തിന്റെയും അടിസ്ഥാന മൂല്യമാണ്. ഇനി കാലതാമസം അരുത്, ഞങ്ങളെ ഗാസയിലേക്ക് പ്രവേശിപ്പിക്കുക," എന്നാണ് മാധ്യമ മേധാവികൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടത്. അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്താനാണ് ഏറെ വൈകിയുള്ള ഈ നീക്കത്തിലൂടെ മാധ്യമങ്ങൾ ലക്ഷ്യമിടുന്നത്.










0 comments