ജപ്പാനിൽ വൻ ഭൂകമ്പം; വടക്കുകിഴക്കൻ മേഖലയിൽ സുനാമി മുന്നറിയിപ്പ്

Representative Image | AI
ടോക്യോ: ജപ്പാനെ പിടിച്ചുലച്ച് വൻ ഭുകമ്പം. വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി ജപ്പാൻ മെറ്റീരിയോളജിക്കൽ ഏജൻസി അറിയിച്ചു. ഭൂകമ്പബാധിത പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറിതാമസിക്കണമെന്ന് ജപ്പാൻ പ്രധാനമന്ത്രി സനെയ് തകൈച്ചി ആവശ്യപ്പെട്ടു.
പ്രാദേശിക സമയം വൈകുന്നേരം 4.53-ന് വടക്കൻ ഇവാട്ടെ പ്രിഫെക്ചറിന് സമീപം പസഫിക് സമുദ്രത്തിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. പ്രഭവകേന്ദ്രത്തിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ടോക്യോയിലെ വൻകിട കെട്ടിടങ്ങൾ പോലും കുലുങ്ങത്തക്ക വിധം ശക്തമായിരുന്നു പ്രകമ്പനമെന്നാണ് റിപ്പോർട്ടുകൾ.
ശക്തമായ ഭൂചലനത്തിന് പിന്നാലെ തീരപ്രദേശങ്ങളിൽ സുനാമി ദൃശ്യമായതായി ജപ്പാൻ മാധ്യമമായ എൻഎച്ച്കെയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇവാട്ടെ പ്രിഫെക്ചറിലും ഹൊക്കൈഡോയുടെ ചില ഭാഗങ്ങളിലും 3 മീറ്റർ (10 അടി) വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. ഭൂചലനത്തെത്തുടർന്ന് ടോക്കിയോ-അയോമോറി ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നിർത്തിവെച്ചതായി ക്യോഡോ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സുനാമി തിരമാലകൾ ഉടനടി വടക്കൻ തീരത്ത് അടിച്ചേക്കാമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളിൽനിന്ന് ജനങ്ങൾ മാറരുതെന്നും അധികൃതർ അറിയിച്ചു.









0 comments