മസൂദ് അസർ ജെയ്‌ഷെ മുഹമ്മദ് വനിതാ വിഭാഗം രൂപീകരിച്ചെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വീണ്ടും വേരുറപ്പിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറിൽ സംഘടന കനത്ത തിരിച്ചടി ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ജെയ്‌ഷെ മുഹമ്മദ് വീണ്ടും സജീവമാകുന്നതായും ആദ്യത്തെ വനിതാ വിഭാഗം രൂപീകരിക്കുന്നതായും സംഘടന പ്രഖ്യാപിച്ചെന്ന് ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സായുധ ദൗത്യങ്ങളിലോ യുദ്ധ ദൗത്യങ്ങളിലോ പങ്കെടുക്കുന്നതിൽ നിന്ന് സംഘടന നേരത്തെ സ്ത്രീകളെ വിലക്കിയിരുന്നു. എന്നാൽ ബുധനാഴ്ച വനിതകളുടെ വിഭാഗമായി "ജമാഅത്ത്-ഉൽ-മോമിനാത്ത്" രൂപീകരിച്ചതായാണ് വിവരം. സംഘടനയിലേക്കുള്ള റിക്രൂട്ട്മെന്റ് ബഹവൽപൂരിലെ മർകസ് ഉസ്മാൻ-ഒ-അലിയിൽ ആരംഭിച്ചതായി ദേശീയ മാധ്യമമായ എൻഡി ടിവി റിപ്പോർട്ട് ചെയ്തു.
ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറായിരിക്കും ഈ വിഭാഗത്തിന് നേതൃത്വം നൽകുക. ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിലൂടെ ബഹവൽപൂരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം തകർത്തിരുന്നു. മസൂദ് അസദിന്റെ സഹോദരനുൾപ്പെടെ ജയ്ഷെയിലെ പ്രധാനികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു.










0 comments