സ്വവർഗാനുരാഗികളോടുള്ള മാർപാപ്പയുടെ നിലപാടിൽ സഭയ്ക്കുള്ളിൽനിന്നുതന്നെ
 വിമർശമുണ്ടായെങ്കിലും അദ്ദേഹം കുലുങ്ങിയില്ല.

‘അവരെ വിധിക്കാൻ ഞാനാര്‌ ’

marpapa on Homosexual
വെബ് ഡെസ്ക്

Published on Apr 22, 2025, 04:35 AM | 2 min read

വത്തിക്കാൻ സിറ്റി : കത്തോലിക്കാ സഭയുടെ നാഥനായി ചുമതലയേറ്റ ഫ്രാൻസിസ്‌ മാർപാപ്പ ആദ്യ വാർത്താസമ്മേളനത്തിൽ നേരിട്ട ചോദ്യം സ്വവർഗാനുരാഗിയായ പുരോഹിതനെപ്പറ്റിയായിരുന്നു. ‘അവരെ വിധിക്കാൻ ഞാനാര്‌’ എന്നായിരുന്നു ഉത്തരം. ആളുകളെ ലൈംഗികതയുടെ പേരിൽ ഒഴിവാക്കരുത്‌, അവരെയും ഉൾച്ചേർത്ത്‌ മുന്നോട്ടുപോവുകയാണ്‌ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


സ്വവർഗാനുരാഗികളോടുള്ള മാർപാപ്പയുടെ നിലപാടിൽ സഭയ്ക്കുള്ളിൽനിന്നുതന്നെ വിമർശമുണ്ടായെങ്കിലും അദ്ദേഹം കുലുങ്ങിയില്ല. സ്വവർഗാനുരാഗം തെറ്റല്ലെന്ന് ആവർത്തിച്ചു.


സ്വവർഗാനുരാഗികളായ ദമ്പതികളെ ആശീർവദിക്കാൻ പുരോഹിതർക്ക്‌ അനുവാദം നൽകുന്ന രേഖയിൽ 2023ൽ ഒപ്പിട്ടു. എന്നാൽ, ആശീർവാദം വിവാഹത്തിനുള്ള അനുമതിയല്ലെന്നും സഭ സ്വവർഗ വിവാഹം പാപമായിത്തന്നെയാണ്‌ കാണുന്നതെന്നും പിന്നീട് അദ്ദേഹം വ്യക്തമാക്കി.


വധശിക്ഷയ്ക്കെതിരെ

വധശിക്ഷ ക്രൈസ്തവ മൂല്യങ്ങൾക്ക്‌ വിരുദ്ധമാണെന്ന്‌ പറഞ്ഞ മാർപാപ്പ, ഇത്‌ സംബന്ധിച്ച സഭാനിലപാട്‌ തിരുത്തിയെഴുതി. വധശിക്ഷ അനുവദനീയമല്ലെന്നും ഏകാന്ത തടവ്‌, പരോളില്ലാത്ത ജീവപര്യന്തം തുടങ്ങിയ ശിക്ഷകൾ മനുഷ്യദ്രോഹപരമാണെന്നും, ദയാവധവും മരിക്കാനായുള്ള അവകാശത്തിനായുള്ള പോരാട്ടവും പാപമാണെന്നും അദ്ദേഹം പറഞ്ഞു. ഗർഭഛിദ്രം, വാടക ഗർഭധാരണം തുടങ്ങിയവയെയും എതിർത്തു.


പ്രകൃതിയെ 
നശിപ്പിക്കുന്നത്‌ പാപം

ഭൂമിലെ മാലിന്യക്കൂമ്പാരമാക്കുന്നതിനെ ഫ്രാൻസിസ്‌ പാപ്പ എന്നും എതിർത്തു. പരിസ്ഥിതിയെ നശിപ്പിക്കുന്നത്‌ പാപമാണെന്ന്‌ അന്താരാഷ്ട്രവേദികളിൽ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണക്കാരല്ല, ദരിദ്രരും അഭയാർഥികളുമാണ്‌ ദുരന്തങ്ങൾക്ക്‌ ഇരയാവുകയെന്നും അദ്ദേഹം ഓർമിപ്പിച്ചു.


മാപ്പുപറയുന്നു

‘തദ്ദേശീയരുടെ സംസ്കാരം തച്ചുതകർത്ത്‌ അവരെ നിർബന്ധിതമായി സഭയുടെ ഭാഗമാക്കാൻ സഭയും ബന്ധപ്പെട്ടവരും സ്വീകരിച്ച നടപടികളിൽ ഞാൻ ഖേദിക്കുന്നു, മാപ്പുപറയുന്നു’–- കാനഡയിൽ തദ്ദേശീയ വിഭാഗക്കാർക്കായി റസിഡൻഷ്യൽ സ്കൂൾ നിലനിന്നയിടത്ത്‌ 2022 ജൂലൈ 25ന്‌ എത്തിയ മാർപാപ്പ പറഞ്ഞു. സ്കൂളുകൾ നിലനിന്ന സ്ഥലത്ത്‌ കൂട്ടക്കുഴിമാടങ്ങളിൽനിന്ന്‌ നൂറുകണക്കിന്‌ കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.


ആദ്യ ഫ്രാൻസിസ്‌ പാപ്പ

പാവങ്ങളുടെ പുണ്യാളൻ എന്നറിയപ്പെടുന്ന അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ പേരാണ്‌ മാർപാപ്പയായപ്പോൾ ഹോർഹെ മാരിയോ ബെർഗോളിയോ സ്വീകരിച്ചത്‌. തെരഞ്ഞെടുക്കപ്പെടുമെന്ന്‌ ഉറപ്പായപ്പോൾ, പാവങ്ങളെ മറക്കരുതെന്ന്‌ കർദിനാൾ ക്ലോഡിയോ ഹമെസ്‌ ഉപദേശിച്ചതായി അദ്ദേഹം പിന്നീട്‌ മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു. ആ നിമിഷമാണ്‌ ഫ്രാൻസിസിന്റെ പേര്‌ സ്വീകരിക്കാൻ തീരുമാനിച്ചത്‌.

യുദ്ധങ്ങളും സംഘർഷങ്ങളും നിലനിൽക്കുന്ന കാലത്ത്‌ സമാധാനവാഹകനായ ഫ്രാൻസിസിന്റെ പേര്‌ ഉചിതമായി തോന്നി. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ഫ്രാൻസിസിന്റെ പേര്‌ സ്വീകരിച്ച ആദ്യ മാർപാപ്പയാണ്‌ അദ്ദേഹം.





deshabhimani section

Related News

View More
0 comments
Sort by

Home