അപ്പോളോ 11ന് പിന്നിലെ കമ്പ്യൂട്ടർ ശാസ്ത്രജ്ഞ; ചന്ദ്രനിലേക്ക് വഴിതുറന്ന 'ഡിജിറ്റൽ ശില്പി' മാർഗരറ്റ് ഹാമിൽട്ടൺ വിടവാങ്ങി

വാഷിങ്ടൺ: പ്രമുഖ കമ്പ്യൂട്ടർ ശാസ്ത്രജ്ഞ മാർഗരറ്റ് ഹാമിൽട്ടൺ (90) അന്തരിച്ചു. മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ നാസയുടെ അപ്പോളോ 11 ദൗത്യത്തിന് സോഫ്റ്റ്‌വെയർ വികസിപ്പിച്ചത് മാർഗരറ്റ് ഹാമിൽട്ടൺ ആയിരുന്നു. സെപ്റ്റംബർ 30-നായിരുന്നു അന്ത്യമെന്ന് ഹാമിൽട്ടൺ പ്രവർത്തിച്ചിരുന്ന മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥിരീകരിച്ചു.
അപ്പോളോ ദൗത്യങ്ങൾക്കായി ഇൻ-ഫ്ലൈറ്റ് സോഫ്റ്റ്‌വെയർ നിർമിച്ച എംഐടിയുടെ സോഫ്റ്റ്‌വെയർ എൻജിനീയറിങ് ഡിവിഷന് നേതൃത്വം നൽകിയത് ഹാമിൽട്ടൺ ആയിരുന്നു. ഈ മേഖലയ്ക്ക് "സോഫ്റ്റ്‌വെയർ എൻജിനീയറിങ്" എന്ന പേര് നൽകിയതും ഹാമിൽട്ടൺ ആണ്. "സോഫ്റ്റ്‌വെയർ എൻജിനീയറിങ്" എന്ന പദം സാങ്കേതിക ലോകത്തിന് പരിചയപ്പെടുത്തിയ പ്രഗത്ഭരിൽ പ്രധാനിയാണ് ഹാമിൽട്ടൺ.
1969-ൽ നീൽ ആംസ്ട്രോങ്ങും ബസ് ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് കമ്പ്യൂട്ടർ ഓവർലോഡ് ആയതിനെ തുടർന്ന് എറർ അലാറം മുഴങ്ങി. എന്നാൽ, ഹാമിൽട്ടണും ടീമും വികസിപ്പിച്ച "പ്രയോറിറ്റി-ഡ്രൈവൺ സോഫ്റ്റ്‌വെയർ" അനാവശ്യ ടാസ്കുകൾ നിർത്തിവെച്ച് ലാൻഡിങ്ങിന് മുൻഗണന നൽകിയതോടെ ലാൻഡിങ് സുരക്ഷിതമായി പൂർത്തിയാവുകയും ചെയ്തിരുന്നു
1936-ൽ ഇൻഡ്യാനയിൽ ജനിച്ച ഹാമിൽട്ടൺ, ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം 1959-ലാണ് എംഐടിയിൽ ചേരുന്നത്. അപ്പോളോ 11 ദൗത്യത്തിൽ ചേർന്ന ആദ്യ പ്രോഗ്രാമറും അവിടെ ജോലി ചെയ്ത ആദ്യ വനിതയുമായിരുന്നു ഹാമിൽട്ടൺ. പിന്നീട് 1970-കളിൽ സ്വന്തമായി 'ഹാമിൽട്ടൺ ടെക്നോളജീസ്' എന്ന സോഫ്റ്റ്‌വെയർ കമ്പനിയും സ്ഥാപിച്ചു.
നാസയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ക്യാഷ് അവാർഡായ NASA Exceptional Space Act Award, അമേരിക്കയിലെ പരമോന്നത സിവിലിയൻ ബഹുമതി തുടങ്ങിയ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കയിലെ പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിക്കുന്നതിനിടയിൽ അന്നത്തെ യുഎസ് പ്രസിഡന്റ് ഒബാമ "അൺസങ് വുമൺ" (അംഗീകരിക്കപ്പെടാതെ പോയ വനിതകൾ) എന്നാണ് ഹാമിൽട്ടണെ വിശേഷിപ്പിച്ചത്.









0 comments