Deshabhimani

​ഗോമതി നദിയിൽ ജലനിരപ്പ് ഉയരുന്നു; പ്രളയസമാനമായി ലഖ്നൗ, ​ന​ഗരവും റോഡും വെള്ളത്തിനടിയിൽ

Gomathi River

Photo: PTI

വെബ് ഡെസ്ക്

Published on Oct 08, 2026, 04:34 PM | 1 min read

ലഖ്നൗ: ​​ഗോമതി നദിയിൽ ജലനിരപ്പ് ഉയർന്നതോടെ ലഖ്നൗ ന​ഗരത്തിന്റെ വിവിധ ഭാ​ഗങ്ങൾ വെള്ളത്തിനടിയിലായി. പ്രശസ്തമായ ഫീനിക്‌സ് പാലാസിയോ മാളും പരിസരവും പ്രളയജലം ഇരച്ചു കയറി. ഇതോടെ ​ഗതാ​ഗതം പൂർണമായും സ്തംഭിച്ചു. വീതിയേറിയ റോഡുകളും ആധുനിക രീതിയിൽ വികസന പ്രവർത്തനങ്ങളും നടത്തിയെന്നു അവകാശപ്പെടുന്ന ഇടങ്ങൾ വെള്ളത്തിനടിയിലായതോടെ പ്രദേശവാസികളിൽ ഞെട്ടലുളവാക്കി.


കഴിഞ്ഞ ദിവസം ​ഗോമതി നദിയിലെ ജലനിരപ്പ് 107.24 മീറ്ററിലെത്തിയിരുന്നു. 108.5 മീറ്ററാണ് അപകടനില. ഇതുകടന്നാൽ ന​ഗരം പൂർണമായും വെള്ളത്തിനടിയിലേയ്ക്കും. പ്രളയസമാനമായ അന്തരീക്ഷമാണ് നിലവിൽ നിലനിൽക്കുന്നത്. ഷഹീദ് പാതയിലെ സർവീസ് റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ ഗതാഗതം തടസപ്പെട്ടു.


കനത്ത മഴയെ തുടർന്ന് ന​ഗരത്തിന്റെ വടക്കൻ, പടിഞ്ഞാറൻ മേഖലകളിൽ നേരത്തെ തന്നെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ​ഗോമതി നദിയിലും ജലനിരപ്പ് ഉയർന്നതോടെ ഷഹീദ് പാതയ്ക്ക് സമീപമുള്ള ഏകന സ്റ്റേഡിയം, ഫീനിക്‌സ് പാലാസിയോ, ഗോമതി നഗർ എക്സ്റ്റൻഷനിലെ ചില പ്രദേശങ്ങളെയും പ്രളയജലം വിഴുങ്ങി. ഇതോടെ ജനങ്ങളും പ്രതിസന്ധിയിലായി.


ഗോമതി നഗർ മേഖലയിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതിന്റെ ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ വ്യാപമായി പ്രചരിക്കുന്നുണ്ട്. വെള്ളം കയറിയ റോഡുകളിലൂടെ നടന്നുനീങ്ങാൻ പോലും ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home