കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ; ഒടുവില്‍ സുരക്ഷാ നടപടികളുമായി മെറ്റ

ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ കണ്ടെത്താനും തടയാനും പുതിയ നീക്കങ്ങൾ നടത്തുന്നുണ്ടെന്ന് മെറ്റ. ഇതിനായി ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ഉപയോഗിക്കുന്നുണ്ടെന്ന് മെറ്റ അറിയിച്ചു. പുറത്തുനിന്നുള്ള ലിങ്കുകളിലൂടെ തെറ്റായ ഉള്ളടക്കങ്ങളിലേക്ക് ഉപയോക്താക്കളെ നയിക്കുന്ന പരസ്യങ്ങൾ തിരിച്ചറിയാൻ 'ലാർജ് ലാംഗ്വേജ് മോഡലുകൾ' ഉപയോഗിക്കുന്നുവെന്ന് മെറ്റ വ്യക്തമാക്കി.
പരസ്യങ്ങൾ കാണിക്കുന്നതിന് പുറമെ, അവ ഉപയോക്താക്കളെ ഏത് വെബ്‌സൈറ്റുകളിലേക്കാണ് എത്തിക്കുന്നത് എന്ന് നിർണയിക്കാൻ എഐ പരിശോധനകൾ നടത്തുമെന്നും മെറ്റ ചൂണ്ടിക്കാട്ടി. മുൻപ് വിലക്കിയ കുറ്റവാളികൾ പുതിയ അക്കൗണ്ടുകൾ ഉണ്ടാക്കി പ്ലാറ്റ്‌ഫോമിൽ വരുന്നത് തടയാനുള്ള സംവിധാനത്തോടൊപ്പം സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ചകൾ മുൻകൂട്ടി കണ്ടെത്താനും കഴിയുമെന്നും മെറ്റ കൂട്ടിച്ചേര്‍ത്തു.
ഇതുമായി ബന്ധപ്പെട്ട് അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നാഷണൽ സെന്റർ ഫോർ മിസ്സിങ് ആൻഡ് എക്‌സ്‌പ്ലോയിറ്റഡ് ചിൽഡ്രൻസിന്(എൻസിഎംഇസി) റിപ്പോർട്ട് നൽകുന്നതിന് പുറമെ, ഇന്ത്യയിലെ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി ഇന്ത്യൻ അന്വേഷണ ഏജൻസികൾക്കും വിവരങ്ങൾ നേരിട്ട് കൈമാറാൻ മെറ്റാ തീരുമാനിച്ചു. 2026 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ 5.3 മില്യൺ (53 ലക്ഷം) ഇത്തരം ഉള്ളടക്കങ്ങൾക്കെതിരെ നടപടിയെടുത്തുവെന്നും മെറ്റ വ്യക്തമാക്കി.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായെന്ന് നേരത്തെ മെറ്റ തുറന്നുസമ്മതിച്ചിരുന്നു. ഇനിമുതൽ ഇത്തരം അതിക്രമങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 'ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്ററിന്റെ' പോർട്ടൽ വഴി കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് നേരിട്ട് വിവരങ്ങൾ കൈമാറാമെന്ന് കമ്പനി ഉറപ്പുനൽകിയിരുന്നു.
അതേസമയം കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ പ്രചരിക്കുന്നതിനെതിരെ സുപ്രീംകോടതി കേന്ദ്രസർക്കാരിനെ പലതവണ വിമർശിച്ചിരുന്നു. എന്നാൽ കേന്ദ്രം വിഷയത്തിൽ കൃത്യമായ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് കേന്ദ്രം സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാന്‍ സുപ്രീംകോടതി ഒരവസരം കൂടി നല്‍കിയിരുന്നു. കോടതിയുടെ കടുത്ത താക്കീതിനെത്തുടർന്നാണ് മെറ്റാ ഉൾപ്പെടെയുള്ള വൻകിട സോഷ്യൽ മീഡിയ കമ്പനികൾക്ക് മേൽ സമ്മർദം ചെലുത്താൻ കേന്ദ്ര സർക്കാർ തയ്യാറായത്.









0 comments