ഡൽഹിയിൽ കെട്ടിടം തകർന്ന് അപകടം: മരണം അഞ്ചായി

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ സീമാപുരിയിൽ ബഹുനില കെട്ടിടം തകർന്നുവീണ് മരിച്ചവരുടെ എണ്ണം അഞ്ചായി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. നുസ്രത്ത്, ഹാജ്ര ബിബി എന്നിവരാണെന്ന് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഗർഭിണിയും കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു.
പന്ത്രണ്ടുകാരി, 21കാരിയായ ഗർഭിണി, ഒന്നരവയസുകാരൻ എന്നിവരാണ് മരിച്ച മറ്റുള്ളവർ. ഇവരുടെ മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. ഒന്നരവയസുകാരന്റെ മൃതദേഹം തലയറ്റ നിലയിലാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ മൂന്ന് വയസ്സുകാരൻ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഡൽഹി പൊലീസ്, ഡൽഹി ഫയർ സർവീസസ്, എൻഡിആർഎഫ്, ഡിഡിഎംഎ, എംസിഡി, ഡിയുഎസ്ഐബി എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങുന്ന രക്ഷാപ്രവർത്തക സംഘം കുടുങ്ങിക്കിടക്കുന്നവർക്കായി സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട്.









0 comments