ad
Deshabhimani

'ഇറാൻ സമാധാന കരാറിനായി യാചിക്കുന്നു'; പുതിയ അവകാശവാദവുമായി മാർക്കോ റൂബിയോ

Marco Rubio

മാർക്കോ റൂബിയോ | Photo Credit: KENT NISHIMURA / AFP

വെബ് ഡെസ്ക്

Published on Jul 23, 2026, 04:26 PM | 1 min read

തെഹ്റാൻ : പശ്ചിമേഷ്യയിൽ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങൾ പാളിയതോടെ വ്യാജ പ്രചാരണങ്ങൾ തുടരുകയാണ് യുഎസ്. അമേരിക്കക്ക് മുന്നിൽ അടിയറവ് പറയാൻ ഇറാൻ യാചിക്കുകയാണെന്ന പ്രചാരണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ രംഗത്തെത്തിയിരിക്കുകയാണ്. ഫിലിപ്പീൻസിലെ മനിലയിൽ വ്യാഴാഴ്ച നടന്ന ആസിയാൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് റൂബിയോയുടെ പുതിയ അവകാശവാദം.


ഇറാൻ തങ്ങളോട് സമാധാന കരാറിനായി യാചിക്കുകയാണെന്ന് യുഎസ് അവകാശപ്പെടുന്നത്. 'നമുക്ക് ഒരു കരാറിലെത്താം, സംസാരിക്കാം' എന്ന് നേരിട്ടും അല്ലാതെയും ഇറാൻ തങ്ങളോട് യാചിക്കുകയാണെന്ന് റൂബിയോ പറഞ്ഞു. എന്നാൽ ഇറാനുമായുള്ള പ്രശ്നം ഓരോ തവണ അവർ കരാർ ഉണ്ടാക്കുമ്പോഴും അതിന്റെ ചുമതലയുള്ളവർ ഒന്നുകിൽ അത് ലംഘിക്കുന്നു അല്ലെങ്കിൽ അതിൽ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നു എന്നതാണ്. അതിനാൽ അവർ ഒരു കരാറിന് തയ്യാറാണെന്ന് തോന്നുന്നില്ല, അവർ അതിന്റെ വലിയൊരു വില നൽകേണ്ടി വരുമെന്നും, ഓരോ രാത്രി കഴിയുന്തോറും ആ വില ഉയർന്നു കൊണ്ടിരിക്കുകയാണെന്നും റൂബിയോ കൂട്ടിച്ചേർത്തു.


അതേസമയം കഴിഞ്ഞ 12 രാത്രികളായി യുഎസ് സൈന്യം ഇറാന്റെ സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ കടുത്ത വ്യോമാക്രമണമാണ് നടത്തുന്നത്. പ്രാദേശിക ജലാശയങ്ങളിലെ സമുദ്ര വിതരണ ശേഷി തകർക്കാനെന്ന വ്യാജേന നടത്തുന്ന ഈ ആക്രമണങ്ങളിൽ സിവിലിയൻ കേന്ദ്രങ്ങളാണ് തകരുന്നത്. ഇറാഖ് അതിർത്തിയിലെ ഷലാംചെ പാസഞ്ചർ ടെർമിനലിൽ യുഎസ് നടത്തിയ ക്രൂരമായ ആക്രമണത്തിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


അമേരിക്കയുടെ ഈ യുദ്ധക്കുറ്റങ്ങൾക്കെതിരെ ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായി ശക്തമായി പ്രതികരിച്ചു. പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ പാലങ്ങളും വൈദ്യൂതി നിലയങ്ങളും ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം അനധികൃതമായ പ്രതികാര നടപടിയും കൂട്ടശിക്ഷയുമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഇത്തരം നിയമവിരുദ്ധ ഉത്തരവുകൾ നിരസിക്കാൻ സ്വന്തം സൈനികരോട് യുഎസ് യുദ്ധക്കുറ്റ നിയമങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, സാമ്രാജ്യത്വ അധിനിവേശത്തിനെതിരെയും നിയമലംഘനങ്ങൾക്കെതിരെയും ഇറാൻ ഉറച്ചുനിൽക്കുമെന്നും വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലുടനീളമുള്ള യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ തിരിച്ചടികൾ നൽകി ഇറാൻ തങ്ങളുടെ പരമാധികാരം കാത്തുസൂക്ഷിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home