ad
Deshabhimani

ഇറാനിലെ ഇസ്രയേല്‍ കടന്നാക്രമണം: സര്‍വീസുകള്‍ പുനക്രമീകരിച്ച് എയര്‍ലൈനുകള്‍

emirates flight
avatar
അനസ് യാസിന്‍

Published on Jun 13, 2025, 10:36 PM | 2 min read

മനാമ: ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് നിരവധി പശ്ചിമേഷ്യന്‍ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ പുനക്രമീകരിച്ചു. പ്രമുഖ ഗള്‍ഫ് വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബായ് തുടങ്ങിയ സര്‍വീസുകള്‍ റദ്ദാക്കുകയും പുനക്രമീകരിക്കുകയും ചെയ്തു. എയര്‍ ഇന്ത്യ, യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും ഇറാന്‍ വ്യോമാതിര്‍ത്തിയിലൂടെ പറക്കുന്ന ചില വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ പുറപ്പെട്ട സ്ഥലങ്ങളിലേക്ക് തിരികെ അയക്കുകയോ ചെയ്തു.


ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍, സിറിയ, ഇസ്രയേല്‍ എന്നീ രാജ്യങ്ങളാണ് വ്യോമാതിര്‍ത്തി അടച്ചത്. അപകടസാധ്യതകള്‍ കണക്കിലെടുത്ത് രാജ്യത്തേക്കും തിരിച്ചുമുള്ള എല്ലാ വ്യോമഗതാഗതവും നിര്‍ത്തിവച്ചതായി ജോര്‍ദാനിയന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

വെള്ളിയാഴ്ച ഡല്‍ഹി, മുംബൈ എന്നീ വിമാനത്താവളങ്ങളില്‍ നിന്നും അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുളള 16 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടതായി എയര്‍ ഇന്ത്യ എക്‌സില്‍ അറിയിച്ചു. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഒരു എയര്‍ ഇന്ത്യ വിമാനം ഷാര്‍ജയിലേക്കു തിരിച്ചുവിട്ടു. പുലര്‍ച്ചെ മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം എഐസി 129 തിരിച്ചെത്തി.


യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സ് വെള്ളിയാഴ്ച ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റദ്ദാക്കി. മാഞ്ചസ്റ്ററില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനം ഇസ്താംബൂളിലേക്കു തിരിച്ചുവിട്ടു. എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ്, ഫ്‌ളൈ ദുബായ് എന്നിവ ഇറാഖ്, ജോര്‍ദാന്‍, ലെബനന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കുകയോ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയോ ചെയ്തു. എമിറേറ്റ്‌സ് ചില ടെഹ്‌റാന്‍ സര്‍വീസുകള്‍ റദ്ദാക്കി. ഖത്തര്‍ എയര്‍വേയ്‌സ് ഇറാനിലേക്കും ഇറാഖിലേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഫ്‌ളൈദുബായ് ബെയ്‌റൂട്ട്, ദമാസ്‌കസ്, ഇറാന്‍, ഇസ്രായേല്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കുകയും മറ്റ് ചില വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. മറ്റു ചില സര്‍വീസുകള്‍ പുറപ്പെട്ട വിമാനത്താവളങ്ങളിലേക്ക് തിരികെ പോകുകയും ചെയ്തു. എത്തിഹാദ് എയര്‍വേയ്‌സ്, ടര്‍ക്കിഷ് എയര്‍ലൈന്‍സ് തുടങ്ങിയ കമ്പനികള്‍ ചില വിമാനങ്ങള്‍ അസര്‍ബൈജാനിലെ ബാക്കുവിലേക്ക് വഴിതിരിച്ചുവിട്ടു.

ടര്‍ക്കിഷ് എയര്‍ലൈന്‍സും മറ്റ് തുര്‍ക്കി വിമാന കമ്പനികളും ജൂണ്‍ 16 വരെ ഇറാന്‍, ഇറാഖ്, സിറിയ, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയതായി തുര്‍ക്കി ഗതാഗത മന്ത്രി അറിയിച്ചു. പെഗാസസ് എയര്‍ലൈന്‍സ് ജൂണ്‍ 19 വരെ ഇറാനിലേക്കും ജൂണ്‍ 16 വരെ ഇറാഖിലേക്കും ജോര്‍ദാനിലേക്കുമുള്ള സര്‍വീസുകള്‍ റദ്ദാക്കി.


ഇസ്രയേലിന്റെ ദേശീയ വിമാനക്കമ്പനിയായ എല്‍ അല്‍ എയര്‍ലൈന്‍സും രാജ്യത്തിനകത്തും പുറത്തേക്കുമുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ബെന്‍ ഗുരിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളം അനിശ്ചിതകാലത്തേക്ക് അടച്ചു.


ജര്‍മന്‍ വിമാനക്കമ്പനിയായ ലുഫ്താന്‍സ ടെഹ്‌റാനിലേക്കും പുറത്തേക്കുമുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചതായും ഇറാന്‍, ഇറാഖ്, ഇസ്രായേല്‍ വ്യോമാതിര്‍ത്തികള്‍ താല്‍ക്കാലികമായി ഒഴിവാക്കിയതായും അറിയച്ചു. എയര്‍ ഫ്രാന്‍സ്, കെഎല്‍എം, സ്വിസ് എയന്‍ തുടങ്ങിയ യൂറോപ്യന്‍ കാരിയറുകളും ഇസ്രയേല്‍ സര്‍വീസുകള്‍ റദ്ദാക്കി. ലോട്ട് പോളിഷ് എയര്‍ലൈന്‍സ് ഏഷ്യയിലേക്കുള്ള വിമാനങ്ങള്‍ക്ക് ഇറാനിയന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഹംഗേറിയന്‍ ബജറ്റ് എയര്‍ലൈനായ വിസ് എയര്‍ ടെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും, ബാധിക്കപ്പെട്ട വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. റഷ്യയുടെ എയ്‌റോഫ്‌ളോട്ട് മോസ്‌കോ-ടെഹ്‌റാന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും ദുബായ്, അബുദാബി, ദോഹ, മാലിദ്വീപ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ പാകിസ്താന്‍ വ്യോമാതിര്‍ത്തിയിലൂടെ വഴിതിരിച്ചുവിടുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home