ad
Deshabhimani

ലോകപ്രശസ്ത ഫാഷൻ ബ്രാൻഡ് 'മാംഗോ' സ്ഥാപകന്റെ മരണം കൊലപാതകമെന്ന് സൂചന; മകൻ അറസ്റ്റിൽ

mango isac son

ഇസാക് ആൻഡിക്കിന്റെ മൂത്ത മകൻ ജൊനാഥൻ ആൻഡിക്കിനെ ബാഴ്സലോണയ്ക്ക് സമീപമുള്ള മാർട്ടോറെൽ കോടതിയിൽ ഹാജരാക്കാനായി എത്തിക്കുന്നു/ ഫോട്ടോ: എഎഫ്പി

വെബ് ഡെസ്ക്

Published on May 19, 2026, 07:02 PM | 1 min read

മാഡ്രിഡ്: ലോകപ്രശസ്ത വസ്ത്ര വ്യാപാര ശൃംഖലയായ 'മാംഗോ' ഫാഷൻ സാമ്രാജ്യത്തിന്റെ സ്ഥാപകൻ ഇസാക് ആൻഡിക്കിന്റെ മരണവുമായി ബന്ധപ്പെട്ട് മൂത്ത മകൻ ജൊനാഥൻ ആൻഡിക് സ്പെയിനിൽ അറസ്റ്റിൽ. 2024 ഡിസംബറിലുണ്ടായ ഇസാക്കിന്റെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടർന്നാണ് 45-കാരനായ ജൊനാഥനെ കാറ്റലൻ പ്രാദേശിക പൊലീസ് കസ്റ്റഡിയിലെടുത്തത്. ബാഴ്സലോണയ്ക്ക് സമീപമുള്ള മോണ്ട്സെറേറ്റ് മലനിരകളിൽ ട്രെക്കിങ് നടത്തുന്നതിനിടയിലാണ് കോടീശ്വരനായ ഇസാക് ആൻഡിക് മലയിടുക്കിലേക്ക് വീണ് മരിച്ചത്. ഈ സമയം മകൻ ജൊനാഥൻ മാത്രമാണ് ഇയാൾക്കൊപ്പമുണ്ടായിരുന്നത്.


ഫോർബ്സ് മാഗസിന്റെ കണക്കനുസരിച്ച് മരണസമയത്ത് 4.5 ബില്യൺ ഡോളർ (ഏകദേശം 37,000 കോടിയിലധികം രൂപ) ആസ്തിയുള്ള സ്പെയിനിലെ ഏറ്റവും വലിയ ധനികരിൽ ഒരാളായിരുന്നു 71-കാരനായ ഇസാക് ആൻഡിക്. തുടക്കത്തിൽ ഇതൊരു അപകട മരണമായാണ് അധികൃതർ കണക്കാക്കിയിരുന്നത്. കാൽ വഴുതി വീണതാകാം എന്ന നിഗമനത്തിൽ 2025 ജനുവരിയിൽ കോടതി ഈ കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ജൊനാഥന്റെ മൊഴികളിലെ വൈരുദ്ധ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 2025 ഒക്ടോബറിൽ കേസ് വീണ്ടും തുറക്കുകയായിരുന്നു.


കമ്പനിയുടെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട് അച്ഛനും മകനും തമ്മിൽ കടുത്ത അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2014-ൽ കമ്പനിയുടെ ചുമതലകൾ ഇസാക് മകന് കൈമാറിയിരുന്നെങ്കിലും, ബിസിനസ്സ് പ്രതിസന്ധിയിലായതോടെ ഒരു വർഷത്തിന് ശേഷം നിയന്ത്രണം അച്ഛൻ തിരിച്ചുപിടിച്ചിരുന്നു. ഇസാക്കിന്റെ സ്വത്തുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പങ്കാളിയും മക്കളും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ജൊനാഥൻ നിരപരാധിയാണെന്നും അന്വേഷണം പൂർത്തിയാകുമ്പോൾ സത്യം പുറത്തുവരുമെന്നുമാണ് കുടുംബവുമായി അടുത്ത വൃത്തങ്ങൾ പ്രതികരിച്ചത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home