യുഎസിൽ കുടിയേറ്റവേട്ട; യുവാവിനെ വെടിവച്ചുകൊന്നു, വ്യാപക പ്രതിഷേധം

മിനിയാപൊളിസ് : യുഎസ് സംസ്ഥാനമായ മിനസോട്ടയിൽ വീണ്ടും കുടിയേറ്റവേട്ട. മിനിയാപൊളിസ് നഗരത്തിൽ ഫെഡറൽ ഇമിഗ്രേഷൻ ഓഫീസർ 37കാരനെ വെടിവച്ചുകൊന്നു. വാഹന പരിശോധനയ്ക്കിടെയാണ് കൊല. വ്യക്തിയുടെ കൈവശം തോക്കുകളുണ്ടായിരുന്നതിനാലാണ് വെടിവച്ചതെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ വാദം. പ്രതിരോധത്തിനായാണ് വെടിവച്ചതെന്നും മെഡിക്കൽ സഹായം ഉടൻ തന്നെ നൽകിയിട്ടും മരണപ്പെട്ടെന്നും ഹോംലാൻഡ് സെക്യൂരിറ്റി വാദിക്കുന്നു.
സംഭവം വ്യാപക പ്രതിഷേധത്തിനിടയാക്കി. മിനസോട്ടയിലെ നടപടികൾ അവസാനിപ്പിക്കണമെന്ന് ഗവർണർ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു. 37 കാരനായ അലക്സ് ജെഫ്രി പ്രെറ്റിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. വെറ്ററൻസ് അഡ്മിനിസ്ട്രേഷനിലെ തീവ്രപരിചരണ വിഭാഗത്തിൽ നഴ്‌സായിരുന്നു അലക്സെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
മിനസോട്ടയിൽ കുടിയേറ്റക്കാർക്കെതിരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഈ മാസം ആദ്യം സമാനരീതിയിൽ 37കാരിയായ റെനീ ഗുഡ് എന്ന യുവതിയെ ഉദ്യോഗസ്ഥർ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു കൊല. എന്നാൽ പ്രകേപനമില്ലാതെ ഉദ്യോഗസ്ഥർ റെനിയെ വെടിവയ്ക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. റെനിയുടെ കൊലപാതകത്തിൽ മിനസോട്ടയിൽ നടന്ന വ്യാപക പ്രതിഷേധങ്ങളിൽ പങ്കെടുത്ത വ്യക്തിയാണ് അലക്സ് ജെഫ്രിയെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
9 എംഎം സെമി ഓട്ടോമാറ്റിക് ഹാൻഡ്‌ഗണുമായി യുഎസ് ബോർഡർ പട്രോൾ ഉദ്യോഗസ്ഥർക്ക് അടുത്തേക്ക് എത്തിയതിനാലാണ് വെടിവച്ചതെന്നാണ് ഉദ്യോഗസ്ഥർ ആവർത്തിക്കുന്നത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഉദ്യോഗസ്ഥർ വെടിവയ്ക്കുന്ന ദൃശ്യങ്ങൾ മാത്രമാണുള്ളത്.
വെടിവയ്പ്പിനു പിന്നാലെ സംഭവസ്ഥലത്ത് പ്രതിഷേധക്കാർ തടിച്ചുകൂടി. കുടിയേറ്റക്കാർക്കെതിരായ അടിച്ചമർത്തലിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ജനങ്ങൾ തെരുവുകളിൽ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് വെടിവയ്പ്പ് നടന്നത്.










0 comments