ad
Deshabhimani

മെസ്സി പെനാൽറ്റി പാഴാക്കി; ബംഗ്ലാദേശിൽ ബ്രസീൽ ആരാധകനെ അർജന്റീന ആരാധകർ തല്ലിക്കൊന്നു

messi
വെബ് ഡെസ്ക്

Published on Jul 11, 2026, 06:44 AM | 1 min read

ധാക്ക: ഫിഫ ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെതിരേ മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് ബംഗ്ലാദേശിൽ യുവാവ് അടിയേറ്റു മരിച്ചു. മുഹമ്മദ് ഷാരിഫുൽ ഇസ്ലാം (35) എന്ന ഓട്ടോറിക്ഷാ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. 2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ ഘട്ടത്തിൽ നടന്ന അർജന്റീന - ഈജിപ്ത് മത്സരത്തിനിടെ മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നു.


ബംഗ്ലാദേശിലെ കുമില്ല ജില്ലയിലുള്ള ഒരു ചായക്കടയിൽ വെച്ച് ടെലിവിഷനിൽ കളി കാണുന്നതിനിടയിലാണ് സംഭവം. അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി കളിയിൽ ഒരു പെനാൽറ്റി പാഴാക്കിയതിന് പിന്നാലെയാണ് തർക്കങ്ങളുടെ തുടക്കം. കടുത്ത ബ്രസീൽ ആരാധകനായ ഷാരിഫുൽ ഇസ്ലാം, അന്ന് നടന്ന മത്സരത്തിൽ ഈജിപ്തിനെയാണ് പിന്തുണച്ചിരുന്നത്.


മത്സരം തുടങ്ങി അധികം വൈകാതെ മെസ്സിക്ക് ലഭിച്ച പെനാൽറ്റി ഈജിപ്ഷ്യൻ ഗോൾകീപ്പർ മുസ്തഫ ഷൊബൈർ തടുത്തതോടെ ഷാരിഫുൽ ചായക്കടയിലുണ്ടായിരുന്ന അർജന്റീന ആരാധകരെ പരിഹസിക്കുകയായിരുന്നു. "നിങ്ങളുടെ മെസ്സിക്ക് ഗോൾ അടിക്കാൻ കഴിഞ്ഞില്ലല്ലോ" എന്ന തരത്തിലുള്ള ഷാരിഫുലിന്റെ പരാമർശം അവിടെയുണ്ടായിരുന്ന അർജന്റീന ആരാധകരെ ചൊടിപ്പിച്ചു.


തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അത് വലിയ കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. പ്രാദേശിക അർജന്റീന ആരാധകർ ഷാരിഫുലിനെ ക്രൂരമായി മർദ്ദിച്ചു. രക്ഷപ്പെടാനായി ഷാരിഫുൽ അടുത്തുള്ള ഒരു കെട്ടിടത്തിലേക്ക് ഓടിക്കയറിയെങ്കിലും അക്രമികൾ പിന്തുടർന്നെത്തി വീണ്ടും മർദ്ദിക്കുകയായിരുന്നു.


തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തറയിൽ വീണ ഷാരിഫുലിനെ ഉടൻ തന്നെ കുമില്ല മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home