ഗർഭിണിയായ ഭാര്യയെ കൊന്ന് വിചാരണയ്ക്ക് തൊട്ടുമുമ്പ് ഇറ്റലിയിലേക്ക് കടന്നു; തിരിച്ചയക്കരുതെന്ന് പ്രതി

ഹൂസ്റ്റൺ: ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടാനിരിക്കെ, ജിപിഎസ് കാൽവളയം മുറിച്ചുമാറ്റി അമേരിക്കയിൽ നിന്നും ഇറ്റലിയിലേക്ക് കടന്ന യുഎസ് സ്വദേശി ലീ മോംഗേഴ്സൺ ഗില്ലി (39) അറസ്റ്റിൽ. വ്യാജ രേഖകളും ബെൽജിയം പാസ്‌പോർട്ടുമായി മിലാനിലെ മാല്പെൻസ വിമാനത്താവളത്തിൽ ഇറങ്ങിയ ഇയാളെ ഇറ്റാലിയൻ അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്.
തിങ്കളാഴ്ച ഇറ്റലിയിലെ ടൂറിൻ കോടതിയിൽ ഹാജരാക്കിയ പ്രതി, ടെക്സസിലെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാണ് താൻ രാജ്യം വിട്ടതെന്നും തന്നെ അമേരിക്കയിലേക്ക് തിരിച്ചയക്കരുതെന്നും കോടതിയോട് അപേക്ഷിച്ചു.
ക്രിസ്റ്റാ ഗില്ലിയുടെ കൊലപാതകം
2024 ഒക്ടോബർ 7-ന് രാത്രി 11.30 ഓടെയാണ് ഹൂസ്റ്റണിലെ 'ഹൂസ്റ്റൺ ഹൈറ്റ്‌സ്' പ്രദേശത്തെ വസതിയിൽ നിന്ന് ലീ ഗില്ലി പൊലീസിനെ വിളിക്കുന്നത്. തന്റെ ഗർഭിണിയായ ഭാര്യ ക്രിസ്റ്റാ ഗില്ലിക്ക് ബോധമില്ലെന്നായിരുന്നു ഇയാളുടെ സന്ദേശം. ഉടൻ തന്നെ മെഡിക്കൽ സംഘം ക്രിസ്റ്റായെ മെമ്മോറിയൽ ഹെർമൻ ഗ്രേറ്റർ ഹൈറ്റ്‌സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് മണിക്കൂറിന് ശേഷം മരണം സ്ഥിരീകരിച്ചു.
ഒക്ടോബർ 9-ന് പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ക്രിസ്റ്റായുടെ കഴുത്തിലും മുതുകിന്റെ മുകൾഭാഗത്തുമേറ്റ മർദനമാണ് മരണകാരണമെന്ന് പാത്തോളജിസ്റ്റ് കണ്ടെത്തി. തുടർന്ന് ഒക്ടോബർ 11-ന് ലീ ഗില്ലിക്കെതിരെ കൊലക്കുറ്റത്തിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പിന്നീട് 1 മില്യൺ ഡോളറിന്റെ ബോണ്ടിൽ ഒക്ടോബർ 17-ന് ഇയാൾക്ക് ജാമ്യം ലഭിച്ചു. കോടതി ഉത്തരവ് പ്രകാരം ജിപിഎസ് ഘടിപ്പിച്ച കാൽവളയത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഈ വർഷം മെയ് 29-നായിരുന്നു ഹാരിസ് കൗണ്ടി കോടതിയിൽ ഇയാളുടെ വിചാരണ ആരംഭിക്കേണ്ടിയിരുന്നത്.
രക്ഷപ്പെടലും അറസ്റ്റും
വിചാരണയ്ക്ക് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, മെയ് 1-നാണ് ലീ ഗില്ലി തന്റെ ജിപിഎസ് കാൽവളയം മുറിച്ചുമാറ്റി അമേരിക്കയിൽ നിന്ന് കടന്നുകളയുന്നത്. ടെക്സസിൽ നിന്നും കാനഡയിലെ ടൊറന്റോ, മോൺട്രിയൽ വഴി എയർ കാനഡ ഫ്ലൈറ്റ് 894-ൽ മെയ് 3-നാണ് ഇയാൾ ഇറ്റലിയിലെ മിലാനിൽ എത്തിയത്.
'ലെജ്യൂൺ ജീൻ ലൂക്ക് ഒലിവിയർ' എന്ന വ്യാജ പേരിലുള്ള ബെൽജിയം പാസ്‌പോർട്ടാണ് ഇയാൾ അതിർത്തിയിൽ കാണിച്ചത്. സംശയം തോന്നിയ പൊലീസ് ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലില്‍ ഇയാൾ തന്റെ യഥാർത്ഥ വിവരങ്ങളും യുഎസിലെ കൊലക്കേസ് വിവരങ്ങളും വെളിപ്പെടുത്തി. മെയ് 4-ന് ഇന്റർപോൾ വഴി വിവരമറിഞ്ഞ അമേരിക്കൻ പ്രൊസിക്യൂഷൻ, വിചാരണ ഒഴിവാക്കാൻ രാജ്യം വിട്ടതിന് ഇയാൾക്കെതിരെ പുതിയ ഫെഡറൽ കുറ്റപത്രം കൂടി ചുമത്തി.
വധശിക്ഷാ നിയമവും നാടുകടത്തലും
ഇറ്റലിയിൽ എത്തിയ ലീ ഗില്ലി അവിടെ രാഷ്ട്രീയ അഭയത്തിനായി (Political Asylum) അപേക്ഷ നൽകിയിരിക്കുകയാണ്. യുഎസ് നീതിന്യായ വ്യവസ്ഥയിൽ തനിക്ക് വിശ്വാസമില്ലെന്നും, താൻ നിരപരാധിയാണെന്നും ഇയാൾ ഇറ്റാലിയൻ കോടതിയോട് പറഞ്ഞു. ഇയാൾ വധശിക്ഷ ഭയന്ന് ഒളിച്ചോടിയതാണെന്ന് പ്രതിഭാഗം അഭിഭാഷക മോണിക്ക ഗ്രോസോയും കോടതിയെ അറിയിച്ചു. വധശിക്ഷ വ്യാപകമായി നടപ്പാക്കുന്ന ഇടമാണ് ടെക്സസ്. 2025-ൽ അഞ്ചും 2026 മെയ് വരെ മൂന്നും വധശിക്ഷകൾ ടെക്സസ് നടപ്പാക്കിയിട്ടുണ്ട്.
അമേരിക്കയും ഇറ്റലിയും തമ്മിൽ 1983 മുതൽ കുറ്റവാളികളെ കൈമാറാനുള്ള കരാർ നിലവിലുണ്ടെങ്കിലും, ഇറ്റാലിയൻ നിയമപ്രകാരം വധശിക്ഷ നിലനിൽക്കുന്ന ഒരു രാജ്യത്തേക്ക് പ്രതികളെ വിട്ടുകൊടുക്കാൻ പാടില്ല. 1993-ൽ ഫ്ലോറിഡയിൽ നിന്നു സമാനമായ കേസിൽ ഇറ്റലിയിലേക്ക് കടന്ന പിയട്രോ വെനീസിയ എന്ന പ്രതിയെ, വധശിക്ഷ നൽകില്ലെന്ന് അമേരിക്ക ഉറപ്പ് നൽകിയിട്ടും ഇറ്റാലിയൻ ഭരണഘടനാ കോടതി വിട്ടുകൊടുത്തിരുന്നില്ല എന്ന ചരിത്രവും അഭിഭാഷക ചൂണ്ടിക്കാണിക്കുന്നു.
അഭയക്കേസുകളിലെ കാലതാമസം
ഇറ്റലിയിൽ രാഷ്ട്രീയ അഭയത്തിനായുള്ള അപേക്ഷകൾ പരിഗണിച്ചു തീർപ്പാക്കാൻ നിലവിൽ നാല് വർഷത്തിലധികം സമയമെടുക്കുന്നുണ്ട്. അഭയാർത്ഥികളുടെ കനത്ത തിരക്കാണ് ഇതിന് കാരണം. യുദ്ധബാധിത പ്രദേശങ്ങളിൽ നിന്നുള്ളവർക്കും രാഷ്ട്രീയ തടവുകാർക്കുമാണ് സാധാരണ മുൻഗണന ലഭിക്കാറുള്ളത്. ഗർഭിണിയായ ഭാര്യയെയും ഗർഭസ്ഥ ശിശുവിനെയും കൊലപ്പെടുത്തിയ കേസ് ചുമത്തപ്പെട്ട ഒരു പ്രതിക്ക് ഇറ്റലി ഫാസ്റ്റ് ട്രാക്ക് വിചാരണ അനുവദിക്കുമോ എന്നത് വ്യക്തമല്ല.
യുഎസ് അധികൃതർ ഔദ്യോഗികമായി അപേക്ഷിക്കുന്നത് വരെ പ്രതിയെ ജയിലിൽ പാർപ്പിക്കാൻ ഇറ്റാലിയൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, പ്രതി രാജ്യം വിട്ടതിനെ തുടർന്ന് മെയ് 8-ന് ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി കേസിലെ വിവരങ്ങൾ പുറത്തുവിടുന്നതിൽ വിലക്ക് (ഗാഗ് ഓർഡർ) ഏർപ്പെടുത്തിയതിനാൽ ഇരുരാജ്യങ്ങളിലെയും ഔദ്യോഗിക വക്താക്കൾ കൂടുതൽ പ്രതികരണങ്ങൾക്ക് തയ്യാറായിട്ടില്ല.











0 comments