ഇത്തവണയും മുഹമ്മദ് ബാബുലിന് കടൽകടക്കാനായില്ല; തന്റെ ജീവിതം തകർക്കുന്ന വാർത്തയറിഞ്ഞത് വിമാനത്താവളത്തിൽവെച്ച്; നൊമ്പരമായി 35കാരൻ

വിമാനത്താവളത്തിൽ വെച്ച് കരയുന്ന മുഹമ്മദ് ബാബുൽ ഹുസൈൻ
ധാക്ക : ഇപ്പോൾ സോഷ്യൽമീഡിയ ചർച്ചചെയ്യുന്നത് ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് ബാബുൽ ഹുസൈൻ എന്ന 35കാരന്റെ ദയനീയവസ്ഥയെ കുറിച്ചാണ്. മികച്ച ജീവിതത്തിനും ജോലിക്കുമായി വിദേശത്തേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് മുഹമ്മദ് ബാബുൽ തനിക്ക് പറ്റിയ ചതി തിരിച്ചറിയുന്നത്. ധാക്ക വിമാനത്താവളത്തിൽ വെച്ച് തായ്‌ലൻഡിലേക്കുള്ള വിസയും വിമാന ടിക്കറ്റും എമിഗ്രേഷൻ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് കൈവശമുള്ള രേഖകളെല്ലാം വ്യാജമാണെന്ന നടുക്കുന്ന സത്യം തിരിച്ചറയുന്നത്.
യൂട്യൂബ് വഴി പരിചയപ്പെട്ട സൊഹേൽ എന്ന വ്യക്തിയുടെ വാഗ്ദാനത്തിൽ വിശ്വസിച്ചാണ് മുഹമ്മദ് ബാബുൽ കബളിപ്പിക്കപ്പെട്ടത്. തായ്‌ലൻഡിലെ ഭക്ഷണക്കമ്പനിയിൽ ജോലി ശരിയാക്കി നൽകാം എന്ന് പറഞ്ഞാണ് മുഹമ്മദ് ബാബുലിനെ ഇടനിലക്കാരൻ പറ്റിച്ചത്. സ്വന്തം തയ്യൽക്കടയിലെ സാധനങ്ങൾ വിറ്റും നാട്ടുകാരിൽ നിന്ന് വലിയ തുക കടം വാങ്ങിയും സമാഹരിച്ച 3.6 ലക്ഷം ടാക്കയാണ് (ഏകദേശം 2.7 ലക്ഷം ഇന്ത്യൻ രൂപ) മുഹമ്മദ് ബാബുലിന് ഒറ്റയടിക്ക് നഷ്ടമായത്. ഈ കടം ഞാൻ എങ്ങനെ വീട്ടുമെന്ന് അറിയില്ലെന്നും നാട്ടുകാരെയും വീട്ടുകാരെയും അഭിമുഖീകരിക്കാൻ പോലും എനിക്ക് ഭയമാണെന്നും കരഞ്ഞുകൊണ്ട് മുഹമ്മദ് ബാബുലു പറയുന്നു.
എന്നാൽ, ഇതാദ്യമായല്ല മുഹമ്മദ് ബാബുൽ തട്ടിപ്പിന് ഇരയാകുന്നത്. ഇദ്ദേഹം ഇതിനോടകം പലതവണ ഏജന്റുമാരുടെ ചതിയിൽ പെട്ടിട്ടുണ്ട്. 2020 മുതൽ വിദേശത്ത് പോകാൻ ശ്രമിക്കുന്ന മുഹമ്മദ് ബാബുൽ 2021-ൽ സൗദി അറേബ്യയിലേക്കും പിന്നീട് ബെലാറൂസിലേക്കും പോകാനായി നൽകിയ ലക്ഷങ്ങൾ ഓരോ തവണയും നഷ്ടപ്പെട്ടിരുന്നു.









0 comments