മാലി ഭീകരാക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു

ജനറൽ സാദിയോ കാമറ | photo credit: Al Jazeera
ബമാക്കോ: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ വിഘടനവാദി വിമതരും ഭീകര സംഘടനകളും നടത്തിയ ആസൂത്രിത ആക്രമണത്തിൽ പ്രതിരോധ മന്ത്രി ജനറൽ സാദിയോ കാമറ കൊല്ലപ്പെട്ടു.
ശനിയാഴ്ച പുലർച്ചെ മാലിയുടെ തലസ്ഥാനമായ ബമാക്കോക്ക് അടുത്തുള്ള കാറ്റിയിലെ വീടിന് നേരെ നടന്ന ബോംബ് ആക്രമണത്തിലാണ് സാദിയോ കാമറ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ മന്ത്രിയുടെ ഭാര്യയും രണ്ട് പേരക്കുട്ടികളും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം മന്ത്രിയുടെ വസതിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിൽ മന്ത്രിയുടെ വീട് പൂർണ്ണമായും തകർന്നു.
അസവാദ് ലിബറേഷൻ ഫ്രണ്ട് (എഫ്എൽഎ) സഖ്യത്തിലെ ടുവാരെഗ് വിമതരും ജിഹാദിസ്റ്റ് ഗ്രൂപ്പ് ഫോർ ദി സപ്പോർട്ട് ഓഫ് ഇസ്ലാം ആൻഡ് മുസ്ലീങ്ങളും (ജെഎൻഐഎം) ചേർന്നാണ് ആക്രമണം നടത്തിയത്. മാലിയിലെ സൈനിക ഭരണകൂടത്തിന്റെ ആസ്ഥാനമായ കാറ്റിയിലെ അതീവ സുരക്ഷ മേഖലയിലാണ് സ്ഫോടനം നടന്നത്. രാജ്യത്തെ നിരവധി പ്രദേശങ്ങളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.










0 comments