print edition "വെനസ്വേല ഉയിർത്തെണീക്കും'; യുഎസ് തടവറയിൽ നിന്ന് മഡൂറോയുടെ സന്ദേശം

വാഷിങ്‌ടൺ: ‘ഞാനിവിടെ തലയുയർത്തിയാണ് നിൽക്കുന്നത്. നിങ്ങളുടെ സ്‌നേഹം ഹൃദയത്തിൽ സൂക്ഷിക്കുന്നു. വെനസ്വേല വീണ്ടും ഉയിർത്തെഴുന്നേൽക്കും’– അമേരിക്കയുടെ തടവറയിൽനിന്ന് ആദ്യമായി ചിത്രങ്ങൾ പങ്കുവച്ച് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോ ജനതയ്ക്ക് സന്ദേശമയച്ചു. ചാരനിറത്തിലുള്ള ട്രാക്ക്‌സ്യൂട്ട് ധരിച്ച് വിജയചിഹ്നം കാട്ടി പുഞ്ചിരിക്കുന്ന രണ്ട് ഫോട്ടോയാണ് മഡുറോയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്‌റ്റ്‌ചെയ്‌തത്.
ജനുവരി മൂന്നിന് കാരാക്കാസിൽ അതിക്രമിച്ചുകയറി മഡൂറോയെയും ഭാര്യ സീലിയ ഫ്ലോറെസിനെയും യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയശേഷം 241–ാം ദിവസമാണ് ചിത്രങ്ങൾ പുറത്തുവരുന്നത്. ഞായറാഴ്ച പങ്കുവച്ച ചിത്രങ്ങൾ ജൂൺ 25ന് എടുത്തതാണ്. ‘എന്റെ പേരക്കുട്ടികൾക്കും എന്നെ സ്‌നേഹിക്കുന്ന എല്ലാവർക്കുമായുള്ള സമ്മാനമായാണ് ഞാനീ ഫോട്ടോകൾ അയക്കുന്നത്. ഞങ്ങളിവിടെ ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയുമാണ് കഴിയുന്നത്. ദൈവം നമ്മോടൊപ്പമുണ്ട്’– മഡൂറോ പറഞ്ഞു.വെനസ്വേലയും അമേരിക്കയും തമ്മിൽ വന്പൻ എണ്ണക്കരാർ പ്രഖ്യാപിച്ച് രണ്ടുദിവസത്തിനകമാണ് സന്ദേശം.
നിലവിൽ ന്യൂയോർക്കിലെ തടവറയിലുള്ള മഡൂറോയ്ക്ക് ഇന്റർനെറ്റോ പത്രങ്ങൾപോലുമോ ലഭിക്കുന്നില്ല. ദിവസം 15 മിനിറ്റ് വീട്ടുകാരുമായും അഭിഭാഷകരുമായും സംസാരിക്കാൻ അനുവാദമുണ്ട്. മയക്കുമരുന്ന കടത്തിയെന്നും ആയുധങ്ങൾ കൈവശം വച്ചെന്നും കേസ് കെട്ടിച്ചമച്ചാണ് മഡൂറോയെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തത്. ഇതിനെ സാധൂരിക്കുന്ന തെളിവുകളൊന്നും ഹാജരാക്കാൻ അമേരിക്കക്ക് കഴിഞ്ഞിട്ടില്ല. ഹ്യൂഗോ ഷാവേസിന്റെ പിൻഗാമിയായി അധികാരത്തിലെത്തിയ മഡൂറോ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിടെ ശക്തമായി നിലപാട് സ്വീകരിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണികൾക്ക് വഴങ്ങാതായതോടെയാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണനിക്ഷേപമുള്ള രാജ്യത്ത് അതിക്രമത്തിന് അമേരിക്ക തുനിഞ്ഞത്.










0 comments