print edition കള്ളക്കേസിനെതിരെ മഡൂറോ യുഎസ് കോടതിയിൽ ; തടവിലിടാൻ അമേരിക്കയ്-ക്ക് എന്തവകാശം

ന്യൂയോർക്ക്/കാരക്കാസ് : പരമാധികാര രാഷ്ട്രങ്ങളെയും സോഷ്യലിസ്റ്റ് സർക്കാരുകളെയും ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്താനുള്ള അമേരിക്കൻ സാമ്രാജ്യത്വനീക്കത്തിനെതിരെ നിയമപോരാട്ടവുമായി വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോ. ജനുവരി മൂന്നിന് അമേരിക്കൻ സൈന്യം കാരക്കാസിൽനിന്ന് തട്ടിക്കൊണ്ടുപോയ പ്രസിഡന്റ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും നിലവിൽ ന്യൂയോർക്കിലെ തടവറയിലാണ്.
മഡൂറോയ്ക്ക് മേൽ ചുമത്തിയ കള്ളക്കേസുകൾ റദ്ദാക്കണമെന്നും അദ്ദേഹത്തിന് അന്താരാഷ്ട്ര നിയമപ്രകാരം പൂർണമായ ‘ഹെഡ് ഓഫ് സ്റ്റേറ്റ്' പരിരക്ഷക്ക് അർഹതയുണ്ടെന്നും അഭിഭാഷകൻ ബാരി പൊള്ളാക്ക് മാൻഹട്ടൻ ഫെഡറൽ കോടതിയിൽ ആവശ്യപ്പെട്ടു. കേസ് വിചാരണചെയ്യാൻ യുഎസ് കോടതിക്ക് അധികാരമില്ല. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന അന്താരാഷ്ട്ര പ്രോട്ടോക്കോൾ ചവിട്ടിമെതിച്ചാണ് ട്രംപ് ഭരണകൂടം കേസ് കെട്ടിച്ചമച്ചത്. ‘നാർക്കോ ടെററിസം' അടക്കമുള്ള ആരോപണങ്ങൾക്ക് തെളിവുമില്ലെന്നും ചൂണ്ടിക്കാട്ടി.
വെനസ്വേലൻ ജനത ജനാധിപത്യപരമായി തെരഞ്ഞെടുത്ത സോഷ്യലിസ്റ്റ് ഭരണത്തെ അട്ടിമറിക്കാനും എണ്ണസമ്പത്ത് കൊള്ളയടിക്കാനും അമേരിക്കൻ സാമ്രാജ്യത്വം കാലങ്ങളായി നടത്തുന്ന ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ് മഡൂറോക്കെതിരായ കേസ്. വെനസ്വേലയിൽ ഭരണഘടനാ നിയമങ്ങൾക്കനുസരിച്ച് ജനകീയ തെരഞ്ഞെടുപ്പ് നടന്നിട്ടും 2019 മുതൽ മഡുറോയെ വെനസ്വേലൻ പ്രസിഡന്റായി അംഗീകരിക്കാൻ അമേരിക്ക തയ്യാറായിട്ടില്ല. കേസിൽ അടുത്ത ജൂണിൽ വിചാരണ ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.










0 comments