ad
Deshabhimani

ജർമനിയിൽ വിമാന ജീവനക്കാരുടെ വൻ പണിമുടക്ക്; ലുഫ്താൻസയുടെ നൂറിലധികം സർവീസുകൾ റദ്ദാക്കി

lufthansa

photo credit: Lufthansa facebook

വെബ് ഡെസ്ക്

Published on Feb 12, 2026, 04:13 PM | 1 min read

ബെർലിൻ : പൈലറ്റുമാരും കാബിൻ ക്രൂ ജീവനക്കാരും സമരം പ്രഖ്യാപിച്ചതോടെ ജർമൻ വിമാനക്കമ്പനിയായ ലുഫ്താൻസയുടെ നൂറിലധികം സർവീസുകൾ റദ്ദാക്കി. ലുഫ്താൻസയിലെ പൈലറ്റുമാരുടെയും ക്യാബിൻ ക്രൂവിന്റെയും യൂണിയനുകൾ ഒരു ദിവസം പണിമുടക്ക് പ്രഖ്യാപിച്ചതോടെ ജർമനിയിലെയും യൂറോപ്പിലെ തന്നയും ഏറ്റവും വലിയ എയർലൈനുകളിലൊന്നായ ലുഫ്താൻസയുടെ പ്രവർത്തനങ്ങൾ താളം തെറ്റി. പണിമുടക്കിനെ വിമർശിച്ച ലുഫ്താൻസ അടുത്ത ദിവസങ്ങളിൽ സർവീസുകൾ പഴയപടി ആരംഭിക്കുമെന്നും അറിയിച്ചു.കമ്പനിയുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സമരമെന്ന് യൂണിയന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.


വെറൈനിഗുങ് കോക്ക്പിറ്റ്, യുഎഫ്ഒ യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിനെത്തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയെന്ന് ലുഫ്താൻസ അറിയിച്ചെങ്കിലും കൃത്യമായ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. നൂറിലധികം വിമാനങ്ങൾ റദ്ദാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജർമനിയിലെ പ്രധാന വിമാനത്താവളങ്ങളിലൊന്നായ ഫ്രാങ്ക്ഫർട്ടിൽ ലുഫ്താൻസയുടെ മിക്ക വിമാനങ്ങളും റദ്ദാക്കിയതായി അറിയിപ്പ് നൽകിയിരുന്നു.


ലുഫ്താൻസ ഗ്രൂപ്പിൽ പങ്കാളികളായ എയർലൈനുകളിലും മറ്റ് എയർലൈനുകളിലും യാത്രയ്ക്ക് അവസരമുണ്ടാക്കാൻ ശ്രമിക്കുന്നതായി കമ്പനി അറിയിച്ചു. വിമാനത്താവളങ്ങളിലേക്ക് പോകുന്നതിനുമുമ്പ് യാത്രക്കാർ ആദ്യം അവരുടെ വിമാനത്തിന്റെ സ്റ്റാറ്റസ് ഉറപ്പാക്കണമെന്ന് ലുഫ്താൻസ വെബ്‌സൈറ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ റെയിൽ ഓപ്പറേറ്ററായ ഡച്ച് ബഹനിൽ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ്ങുകൾ ട്രെയിൻ ടിക്കറ്റുകളാക്കി മാറ്റാമെന്നും കമ്പനി അറിയിച്ചു.


ചൊവ്വാഴ്ചയാണ് രണ്ട് യൂണിയനുകളും 24 മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തത്. എയർലൈനിലെയും ലുഫ്താൻസ കാർഗോ യൂണിറ്റിലെയും പൈലറ്റുമാർക്കുള്ള പെൻഷൻ സംവിധാനത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് വെറൈനിഗുങ് കോക്ക്പിറ്റ് സമരം പ്രഖ്യാപിച്ചത്. ഏകദേശം 4,800 പൈലറ്റുമാരാണ് ഇവിടങ്ങളിൽ തൊഴിലെടുക്കുന്നത്.


ജീവനക്കാർ ഉന്നയിച്ച വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തണമെന്ന ആവശ്യത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് ഫ്രാങ്ക്ഫർട്ടിൽ നിന്നും മ്യൂണിക്കിൽ നിന്നും പുറപ്പെടുന്ന വിമാനങ്ങളിലും ലുഫ്താൻസയുടെ ഹ്രസ്വദൂര വിമാനക്കമ്പനിയായ സിറ്റിലൈൻ യൂണിറ്റിന്റെ വിമാനങ്ങളിലും പണിമുടക്കാൻ യുഎഫ്ഒ ആഹ്വാനം ചെയ്തത്. ഏകദേശം 20,000 ജീവനക്കാരാണ് ഇവിടെയുള്ളത്.


യൂണിയൻ എപ്പോഴും ചർച്ചയ്ക്ക് തയ്യാറായിരുന്നുവെന്നും പണിമുടക്ക് നടക്കുന്നത് കമ്പനിയുടെ തെറ്റു കൊണ്ടാണെന്നും വിസി പ്രസിഡന്റ് ആൻഡ്രിയാസ് പിൻഹീറോ പറഞ്ഞു. വിഷയത്തിൽ യൂണിയനുകളും കമ്പനിയും തമ്മിൽ നടന്ന ചർച്ചകളൊന്നും ഫലപ്രദമാകാഞ്ഞതോടെയാണ് ജീവനക്കാർ സമരം പ്രഖ്യാപിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home