ജർമനിയിൽ വിമാനത്താവളത്തിൽ അപകടം; ലുഫ്താൻസ ബോയിങ് വിമാനത്തിന്റെ മുൻചക്രങ്ങൾ തകർന്നു വീണു

ഫ്രാങ്ക്ഫർട്ട്: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ലുഫ്താൻസ എയർലൈൻസിന്റെ ബോയിങ് 787-9 ഡ്രീലൈനർ വിമാനത്തിന്റെ മുൻഭാഗത്തെ ലാൻഡിങ് ഗിയർ (നോസ് ഗിയർ) തകർന്നു വീണു. വിമാനത്താവളത്തിലെ ഗേറ്റിൽ നിർത്തിയിട്ടിരുന്ന വിമാനത്തിന്റെ മുൻചക്രങ്ങൾ പെട്ടെന്ന് തെന്നിമാറുകയും വിമാനത്തിന്റെ മൂക്ക് ടാറിലിടിച്ച നിലയിൽ താഴേക്ക് പതിക്കുകയുമായിരുന്നു.
അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന നിരവധി ജീവനക്കാർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കി. അപകടസമയത്ത് വിമാനത്തിൽ യാത്രക്കാർ കയറിയിരുന്നില്ലെന്ന് ലുഫ്താൻസ വക്താവ് അറിയിച്ചു.
ഫ്രാങ്ക്ഫർട്ടിൽ നിന്നും ലോസ് ഏഞ്ചൽസിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. ഗ്രൗണ്ട് സ്റ്റാഫും ക്രൂ മെമ്പർമാരും മാത്രമാണ് ഈ സമയത്ത് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത്. വിമാനത്തിന്റെ മുൻഭാഗം റൺവേയിലേക്ക് ആഞ്ഞു പതിക്കുന്നതിന്റെയും പാനലുകൾ ഇളകി മാറുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അപകടത്തെ തുടർന്ന് ബോയിങ് കമ്പനിയും അന്വേഷണവുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം ജനുവരി മധ്യത്തോടെ മാത്രം സർവീസ് ആരംഭിച്ച ലുഫ്താൻസയുടെ പുത്തൻ ബോയിങ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തെ തുടർന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള സർവീസ് പൂർണ്ണമായും റദ്ദാക്കി. അടിയന്തിര സാഹചര്യം നേരിടുന്നതിനായി എയർലൈൻസിന്റെ പ്രത്യേക ക്രൈസിസ് മാനേജ്‌മെന്റ് ടീം രംഗത്തുണ്ട്.










0 comments