‘ഫ്രാൻസിസ് പാപ്പയുടെ അമൂല്യ പൈതൃകം പിന്തുടരുക’: കർദിനാൾമാരോട് ലിയോ പാപ്പയുടെ ആഹ്വാനം

വത്തിക്കാൻ സിറ്റി
: ദരിദ്രപക്ഷ–-പുരോഗമന നിലപാടുകളിലൂടെ ജനകീയനായ ഫ്രാൻസിസ് പാപ്പയുടെ ദർശനവും പരിഷ്‌കാരങ്ങളും താൻ തുടരുമെന്ന് സൂചന നൽകി ലിയോ പതിനാലാമൻ മാർപാപ്പ. ഫ്രാൻസിസ് പാപ്പ "അമൂല്യമായ പൈതൃകം’ അവശേഷിപ്പിച്ചിരിക്കുന്നുവെന്നും അത് സഭ പിന്തുടരണമെന്നും കർദിനാൾമാരുമായുള്ള ആദ്യ കൂടിക്കാഴ്‌ചയിൽ ലിയോ പാപ്പ പറഞ്ഞു.
140 കോടി അംഗങ്ങളുള്ള സഭയെ ആധുനികലോകത്തിന് തുറന്നുകൊടുക്കുക എന്ന ദർശനമുണ്ടായിരുന്ന ഫ്രാൻസിസ് പാപ്പ സമർപ്പിത സേവനത്തിന്റെ മാതൃകയാണ്. ആ വിലയേറിയ പൈതൃകം ഏറ്റെടുത്ത് നമുക്ക് യാത്ര തുടരാം–- പുതിയ പാപ്പ കർദിനാൾമാരോട് ആഹ്വാനംചെയ്‌തു. 1960കളിൽ നാഴികക്കല്ലായ രണ്ടാം വത്തിക്കാൻ കൗൺസിൽ നടപ്പിലാക്കിയ പ്രധാന സഭാപരിഷ്‌കാരങ്ങളോടുള്ള പ്രതിബദ്ധത പുതുക്കാൻ പാപ്പ മുതിർന്ന പുരോഹിതന്മാരോട് ആവശ്യപ്പെട്ടു.
കൗൺസിൽ നടപ്പാക്കിയ പരിഷ്‌കാരങ്ങളോട് പൂർണ പ്രതിബദ്ധത പുലർത്തണം.
പ്രാദേശിക ഭാഷകളിൽ കുർബാന അർപ്പിക്കുകയും മറ്റ് മതങ്ങളുമായി സംഭാഷണം നടത്തുകയും ചെയ്യണം. സമകാലിക ലോകത്തിന്റെ യാഥാർഥ്യങ്ങളുമായി ധീരവും വിശ്വസനീയവുമായ സംഭാഷണത്തിൽ ഫ്രാൻസിസ് പാപ്പ ശ്രദ്ധ കേന്ദ്രീകരിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി.








0 comments