മാധ്യമങ്ങൾ മുൻവിധിയില്ലാതെ പ്രവര്‍ത്തിക്കണം: മാർപാപ്പ

വത്തിക്കാൻ സിറ്റി
മാധ്യമങ്ങൾ സത്യവും സമാധാനവും ഉറപ്പാക്കാനായി പ്രവർത്തിക്കണമെന്നും ഭാഷയിൽ മിതത്വം പാലിക്കണമെന്നും അഭ്യർഥിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. തിങ്കളാഴ്‌ച വത്തിക്കാൻ സിറ്റിയിൽ മാധ്യമങ്ങളെ കണ്ട മാർപാപ്പ, മുൻവിധിയില്ലാതെ പ്രവർത്തിക്കണമെന്നും പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് പറഞ്ഞ അദ്ദേഹം, വിവിധ രാജ്യങ്ങളിൽ ജയിലിലടയ്‌ക്കപ്പെട്ട മാധ്യമപ്രവർത്തകരെ ഉടൻ മോചിപ്പിക്കണമെന്നും അഭ്യർഥിച്ചു.
മാധ്യമങ്ങള്‍ മത്സരാധിഷ്ഠിത പ്രവർത്തനരീതിയും ഭാഷയും ഒഴിവാക്കണം. ആശയവിനിമയത്തിന്റെ രീതിയാണ് സമൂഹത്തിന്റെ സംസ്‌കാരത്തെ നിർവചിക്കുന്നത്. മുൻവിധിയും വിദ്വേഷവും മതപരമായതുൾപ്പെടെയുള്ള ഉന്മാദവും ഒഴിവാക്കാൻ ജാഗ്രത കാണിക്കണം. നിർമിതബുദ്ധിക്ക് അനന്തസാധ്യതയും ശേഷിയും ഉണ്ടെന്നും അതിന്റെ ഉപയോഗം ഉത്തരവാദിത്വത്തോടെ ആയിരിക്കണമെന്നും മാർപാപ്പ ഓര്‍മിപ്പിച്ചു.








0 comments