ലെബനനും ഇസ്രയേലും തമ്മിൽ വാഷിങ്ടണിൽ നയതന്ത്ര ചർച്ച

പ്രതീകാത്മകചിത്രം
ബെയ്റൂട്ട് : ഒരു മാസത്തിലേറെ നീണ്ട സംഘർഷത്തിനു ശേഷം ലെബനനും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ചർച്ചകൾക്ക് വഴി തുറക്കുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ട് നടത്തുന്ന നയതന്ത്ര ചർച്ച വാഷിങ്ടണിൽ നടക്കും. ഇറാനിൽ ഇസ്രയേലും യുഎസും നടത്തിയ കടന്നാക്രമണത്തിനു പിന്നാലെയാണ് ഹിസ്ബുള്ളയെ ലക്ഷ്യം വച്ചെന്ന പേരിൽ ലെബനനിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചത്. വാഷിങ്ടണിൽ നടക്കുന്ന ചർച്ചകളിൽ യുഎസിലെ ഇസ്രായേൽ അംബാസഡർ യെച്ചീൽ ലീറ്റർ, യുഎസിലെ ലെബനീസ് അംബാസഡർ നദാ ഹമാദെ മൊവാദ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ പങ്കെടുക്കും. ഹിസ്ബുള്ള വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
ലെബനനിൽ നടന്ന ഇസ്രയേലി ആക്രമണങ്ങളിൽ ഇതുവരെ 2,089 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 252 സ്ത്രീകളും 166 കുട്ടികളും 88 മെഡിക്കൽ ജീവനക്കാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 6,762 പേർക്ക് പരിക്കേറ്റു. പത്ത് ലക്ഷത്തിലധികം പേർ പലായനം ചെയ്തു.
ഇറാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷവും ലെബനനിൽ ഇസ്രയേൽ ആക്രമണം തുടർന്നിരുന്നു. ഇറാനിലെ വെടിനിർത്തൽ കരാർ ലെബനന് ബാധകമല്ലെന്നായിരുന്നു നെതന്യാഹുവിന്റെ വാദം. കഴിഞ്ഞ ദിവസങ്ങളിൽ ബെയ്റൂട്ടിലെ തന്ത്രപ്രധാനമായ ഇടങ്ങളിലുള്ള ഹിസ്ബുള്ള കേന്ദ്രങ്ങൾക്കുനേരെയെന്ന പേരിൽ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു.
തെക്കൻ ലെബനനിലേക്ക് ഇപ്പോഴും ഇസ്രയേൽ സൈന്യം അധിനിവേശം തുടരുകയാണ്. അതിർത്തിയിൽ നിന്ന് വടക്കോട്ട് ഏകദേശം 30 കിലോമീറ്റർ അകലെ ലിറ്റാനി നദി വരെ ഇസ്രയേലിന്റെ അധിനിവേശം വ്യാപിച്ചിട്ടുണ്ട്. തെക്കൻ ലെബനനിൽ നിന്ന് കുടിയിറക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകളെ പ്രദേശം പൂർണമായും സൈനികവൽക്കരിക്കുന്നതുവരെ പലായനം ചെയ്തവരെ തിരികെ വരാൻ അനുവദിക്കില്ലെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി പറയുന്നത്. 1993 ലാണ് ഇരു രാജ്യങ്ങളും തമ്മിൽ അവസാനമായി ചർച്ച നടന്നത്.









0 comments