ലബനീസ് മാധ്യമപ്രവർത്തകയെ കൊലപ്പെടുത്തി ഇസ്രയേൽ; രക്ഷാപ്രവർത്തനവും തടഞ്ഞു

കൊല്ലപ്പെട്ട അമൽ ഖലീല്‍ | Photo Credit: x/@AmalKhalil83
ബെയ്റൂട്ട്: തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനിടെ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. മറ്റൊരു മാധ്യമപ്രവർത്തകയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ലെബനനിലെ 'അൽ അഖ്ബർ' പത്രത്തിൽ ജോലി ചെയ്തിരുന്ന അമൽ ഖലീലാണ് വ്യോമാക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടത്. മാർച്ചിൽ തുടങ്ങിയ ആക്രമണങ്ങൾക്ക് ശേഷം ഇസ്രായേൽ ലെബനനിൽ കൊലപ്പെടുത്തുന്ന നാലാമത്തെ മാധ്യമപ്രവർത്തകയാണ് അമൽ. പരിക്കേറ്റ രണ്ടാമത്തെ മാധ്യമപ്രവർത്തക ഫ്രീലാൻസ് ഫോട്ടോജേണലിസ്റ്റായ സൈനബ് ഫറജാണെന്ന് ലെബനീസ് അധികൃതർ തിരിച്ചറിഞ്ഞു.
തെക്കൻ ലെബനനിലെ തൈറി നഗരത്തിൽ നടന്ന വ്യോമാക്രമണത്തിനിടെ അഭയം തേടിയിരുന്ന മാധ്യമപ്രവർത്തകർ തങ്ങിയ കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സൈനബിനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ച റെഡ് ക്രോസ് പ്രവർത്തകർക്ക് നേരെ ഇസ്രായേൽ സൈന്യം വെടിയുതിർത്തതായും രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തിയതായും അധികൃതർ ആരോപിച്ചു.
വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രയേലിനെതിരെ ഗുരുതര ആരോപണവുമായി ലെബനീസ് പ്രധാനമന്ത്രി നവാഫ് സലാം രംഗത്തെത്തി. മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾക്ക് ശേഷം രക്ഷാപ്രവർത്തനങ്ങളെപ്പോലും ഇസ്രയേൽ തടഞ്ഞത് യുദ്ധക്കുറ്റമാണെന്ന് ലെബനീസ് പ്രധാനമന്ത്രി പ്രതികരിച്ചു.
"മാധ്യമപ്രവർത്തകരെ ലക്ഷ്യം വയ്ക്കുന്നതും രക്ഷാപ്രവർത്തകർക്ക് അവർക്കരികിലെത്താനുള്ള സാഹചര്യം തടസ്സപ്പെടുത്തുന്നതും പിന്നീട് എത്തിയ രക്ഷാപ്രവർത്തക സംഘങ്ങളെ വീണ്ടും ആക്രമിക്കുന്നതും യുദ്ധക്കുറ്റങ്ങളാണ്. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല." ലെബനീസ് പ്രധാനമന്ത്രി നവാഫ് സലാം എക്‌സിൽ കുറിച്ചു.
രക്ഷാപ്രവർത്തകരെ തടഞ്ഞിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ഇസ്രായേൽ അറിയിച്ചു. ഹിസ്ബുള്ള ഉപയോഗിക്കുന്ന ഒരു സൈനിക കേന്ദ്രത്തിൽ നിന്നും വന്ന വാഹനങ്ങളെയാണ് ആക്രമിച്ചതെന്നാണ് ഇസ്രായേലിന്റെ വിശദീകരണം.
ഇസ്രായേലിന്റെ ആക്രമണത്തിനെതിരെ ഐക്യരാഷ്ട്രസഭയും 'കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ്' ഉൾപ്പെടെയുള്ള സംഘടനകളും രംഗത്തെത്തി. അമൽ ഖലീലിന്റെ മരണത്തിനും സൈനബിന്റെ പരിക്കുകൾക്കും ഉത്തരവാദി ഇസ്രായേൽ സൈന്യമാണെന്ന് സിപിജെ റീജിയണൽ ഡയറക്ടർ സാറ ഖുദ പറഞ്ഞു.
സിപിജെയുടെ കണക്കുകൾ പ്രകാരം 2025ൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ മൂന്നിൽ രണ്ട് ഭാഗവും ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിലാണ്. മാർച്ച് ആദ്യവാരത്തിൽ രൂക്ഷമായ ആക്രമണങ്ങളെത്തുടർന്ന് ഏപ്രിൽ 16 നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ലെബനനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ നിലനിൽക്കുന്ന വെടിനിർത്തൽ കരാറിനിടെയാണ് ഈ ആക്രമണം നടന്നത്. അതേസമയം, വ്യാഴാഴ്ച വാഷിംഗ്ടണിൽ വെച്ച് ഇസ്രായേൽ-ലെബനീസ് ഉദ്യോഗസ്ഥർ തമ്മിൽ രണ്ടാം ഘട്ട ചർച്ചകൾ നടക്കാൻ തീരുമാനിച്ചിട്ടുണ്ട്.










0 comments