ശ്രീലങ്കയിൽ പ്രമുഖ ബുദ്ധ സന്യാസി അറസ്റ്റിൽ; നടപടി 11 കാരിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ

കൊളംബോ: ശ്രീലങ്കയിലെ ഏറ്റവും പ്രമുഖ ബുദ്ധ സന്യാസിമാരിൽ ഒരാളായ പല്ലേഗമ ഹേമരതന ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. അനുരാധപുരയിലെ അഷ്ടമസ്ഥാന പ്രീസ്റ്റ് ആണ് 71 കാരനായ പല്ലേഗമ ഹേമരതന. പൊലീസ് നടപടികൾക്ക് ശേഷം കൊളംബോ ഫോർട്ട് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ മെയ് 22 വരെ റിമാൻഡ് ചെയ്തു. കുറ്റകൃത്യത്തിന് ഒത്താശ ചെയ്തെന്ന കുറ്റത്തിന് പെൺകുട്ടിയുടെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശ്രീലങ്കയിലെ വിശുദ്ധ നഗരമായ അനുരാധപുരയിലെ ക്ഷേത്ര പരിസരത്ത് വെച്ച് ഇപ്പോൾ 15 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. 2022-ൽ കുട്ടിക്ക് 11 വയസ്സുള്ളപ്പോഴാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാർച്ചിലാണ് ഇത് സംബന്ധിച്ച പരാതി ഉയര്‍ന്നു വന്നത്. തുടര്‍ന്ന് നാഷണൽ ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റി നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റ് ഭയന്ന് കൊളംബോയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു പല്ലേഗമ ഹേമരതന. മെയ് 9-നാണ് പോലീസ് ഇദ്ദേഹത്തെ പിടികൂടിയത്. സ്വകാര്യ ആശുപത്രിയിൽ നിന്നും കേസിലെ പ്രതിയെ കൊളംബോ നാഷണൽ ഹോസ്പിറ്റലിലെ തടവുകാർക്കുള്ള വാർഡിലേക്ക് മാറ്റാൻ കോടതി നിർദ്ദേശിച്ചു.
അഷ്ടമസ്ഥാനത്തെ പ്രമുഖൻ
ശ്രീലങ്കൻ ബുദ്ധമത വിശ്വാസികൾ ഏറ്റവും വിശുദ്ധമായി കരുതുന്ന എട്ട് ആരാധനാലയങ്ങളായ അഷ്ടമസ്ഥാനയുടെ മേധാവിയാണ് പല്ലേഗമ ഹേമരതന. ലോക പൈതൃക പട്ടികയിലുള്ള 'ജയ ശ്രീ മഹാബോധി' ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ്. രാജ്യത്തെ മത-സാമൂഹിക മേഖലകളിൽ വലിയ സ്വാധീനമുള്ള ഒരു വ്യക്തി ഇത്തരം ഗുരുതരമായ ആരോപണത്തിൽ അറസ്റ്റിലായത് ശ്രീലങ്കയിൽ വലിയ ഞെട്ടലും പ്രതിഷേധവും ഉയര്‍ത്തിയിട്ടുണ്ട്.
സന്യാസിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം കുറ്റകൃത്യങ്ങൾ കർശനമായി നേരിടണമെന്ന് ശിശുക്ഷേമ സംഘടനകൾ ആവശ്യപ്പെട്ടു. കേസിൽ തുടരന്വേഷണം പുരോഗമിക്കുകയാണ്.










0 comments