ഹോർമുസ് കടലിടുക്കിൽ കുവൈത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; 21 ഇന്ത്യൻ നാവികരും സുരക്ഷിതർ

എംടി അൽ ദസ്മ
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കുവൈത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം. 21 ഇന്ത്യക്കാർ ജോലി ചെയ്യുന്ന എംടി അൽ ദസ്മ എന്ന കപ്പലിലാണ് ബുധനാഴ്ച അജ്ഞാത വസ്തു പതിച്ചത്. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടായെങ്കിലും ഉടൻ നിയന്ത്രണവിധേയമാക്കി. ഇന്ത്യക്കാരടക്കം കപ്പലിലെ മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.
ബുധനാഴ്ച പുലർച്ചെ ഒമാനിലെ ബുഖയ്ക്ക് പടിഞ്ഞാറ് 11 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ആക്രമണം. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് കപ്പലിൽ അജ്ഞാത വസ്തു പതിച്ചത്. തീ അണച്ചതിനുശേഷം കപ്പൽ നങ്കൂരമിട്ടിരിക്കുകയാണെന്ന് ബ്രിട്ടീഷ് സമുദ്രസുരക്ഷാ ഏജൻസിയായ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു. ആക്രമണത്തെ തുടർന്ന് എണ്ണച്ചോർച്ചയോ മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ത്യൻ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു. കപ്പലിന്റെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കപ്പൽ മാനേജ്മെന്റ് കമ്പനിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതിനുശേഷം ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുകപ്പൽ ഗതാഗതം കടുത്ത സുരക്ഷാഭീഷണിയാണ് നേരിടുന്നത്. ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതകളിലൊന്നായ ഈ മേഖലയിലെ തുടർച്ചയായ ആക്രമണങ്ങൾ ഇന്ത്യൻ നാവികരുടെ സുരക്ഷയിലും ആശങ്ക ഉയർത്തുന്നു.
ഒക്ടോബർ 16ന് ഹോർമുസ് കടലിടുക്കിൽ 15 ഇന്ത്യക്കാരുണ്ടായിരുന്ന എംടി എസ്‌ടി 3 എന്ന എണ്ണക്കപ്പലിനുനേരെയും ആക്രമണമുണ്ടായിരുന്നു. ഒക്ടോബർ 14ന് റൊമാനിയയിലെ സുലിന ആങ്കറേജിൽ ഒമ്പത് ഇന്ത്യക്കാരുണ്ടായിരുന്ന യാര ജെ എന്ന കെമിക്കൽ ടാങ്കറിന് നേരെ ഡ്രോൺ ആക്രമണമുണ്ടായി.
ഒക്ടോബർ 11ന് ഒമാനിലെ സോഹാർ ആങ്കറേജിൽ 11 ഇന്ത്യക്കാരുണ്ടായിരുന്ന എംടി പെട്രോ ഡോൾഫിൻ എന്ന കപ്പലും ഡ്രോൺ ആക്രമണത്തിനിരയായി. ഒമ്പത് ജീവനക്കാരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് ഇന്ത്യക്കാരെ കാണാതായതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഗൾഫ് മേഖലയിലെ കപ്പൽ ആക്രമണങ്ങളെ ഇന്ത്യ നേരത്തെ അപലപിച്ചിരുന്നു. വാണിജ്യക്കപ്പലുകൾക്കും നാവികർക്കും സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉറപ്പാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലെ പുതിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ഈ മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾ അതീവ ജാഗ്രത പാലിക്കണമെന്നും യുകെഎംടിഒ നിർദേശിച്ചു.









0 comments