Deshabhimani

വൈദ്യുതിമേഖല സ്വകാര്യകുത്തകകൾക്ക് തുറന്നുകൊടുത്ത് ബിജെപി; ഹരിയാനയിൽ തൊഴിലാളികളുടെ പണിമുടക്ക്

electricity privatisation
വെബ് ഡെസ്ക്

Published on Oct 22, 2026, 09:23 AM | 3 min read

ചണ്ഡീഗഡ്: വൈദ്യുതിവിതരണ മേഖലയിലെ ലാഭകരമായ വിപണി സ്വകാര്യ കമ്പനികൾക്ക് തുറന്നുകൊടുക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കത്തിനെതിരെ ഹരിയാനയിൽ തൊഴിലാളികളുടെ വൻ പണിമുടക്ക്. വൈദ്യുതി ജീവനക്കാരും എൻജിനിയർമാരും സംയുക്തമായി മൂന്നുദിവസത്തെ പണിമുടക്കാണ് ആരംഭിച്ചത്. ഗുരുഗ്രാം, നൂഹ് ജില്ലകളിൽ വൈദ്യുതി വിതരണം നടത്താൻ ഇലവൻ പവർ പ്രൈവറ്റ് ലിമിറ്റഡിന് 25 വർഷത്തെ ലൈസൻസ് നൽകിയതിനെതിരെയാണ് സംസ്ഥാനവ്യാപക പ്രക്ഷോഭം. പൊതുമേഖലയുടെ വരുമാനത്തെയും സാധാരണക്കാരുടെ വൈദ്യുതി ആനുകൂല്യങ്ങളെയും ബാധിക്കാവുന്ന തീരുമാനം പിൻവലിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.


ഹരിയാന ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് സംയുക്ത സമരമുന്നണിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ആരംഭിച്ച പണിമുടക്ക് ശനിയാഴ്ചവരെ തുടരും. പണിമുടക്കിന് മുന്നോടിയായി ഹിസാർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ തൊഴിലാളികൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കേന്ദ്ര ഊർജമന്ത്രി മനോഹർലാൽ ഖട്ടർ, മുഖ്യമന്ത്രി നയാബ് സിങ് സൈനി, വൈദ്യുതി റെഗുലേറ്ററി കമീഷൻ അധ്യക്ഷൻ മുകേഷ് ഗാർഗ് എന്നിവരുടെ കോലങ്ങളും സ്വകാര്യ കമ്പനിക്ക് ലൈസൻസ് അനുവദിച്ച ഉത്തരവിന്റെ പകർപ്പുകളും വൈദ്യുതി ഓഫീസുകൾക്കുമുന്നിൽ കത്തിച്ചു.


ഹരിയാനയിലെ വൈദ്യുതിവിതരണ സംവിധാനത്തിൽ വൻകിട വ്യവസായങ്ങളും വാണിജ്യ സ്ഥാപനങ്ങളും സാധാരണ വീടുകളേക്കാൾ ഉയർന്ന നിരക്കിലാണ് വൈദ്യുതി വാങ്ങുന്നത്. ഇവരിൽനിന്ന് ലഭിക്കുന്ന അധിക വരുമാനം സാധാരണ കുടുംബങ്ങൾക്കും കർഷകർക്കും കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ സഹായിക്കുന്നു. സർക്കാർ നേരിട്ട് നൽകുന്ന സബ്സിഡിയും ഇതിനൊപ്പമുണ്ട്.


എന്നാൽ ഉയർന്ന വരുമാനം നൽകുന്ന വ്യവസായങ്ങളും വാണിജ്യ സ്ഥാപനങ്ങളും സ്വകാര്യ കമ്പനിയിലേക്ക് മാറിയാൽ പൊതുമേഖലയുടെ വരുമാനം കുറയും. അതേസമയം ഗ്രാമങ്ങളിലും കൃഷിയിടങ്ങളിലും വൈദ്യുതി എത്തിക്കുന്നതിനും നിലവിലുള്ള ലൈനുകളും ട്രാൻസ്ഫോർമറുകളും പരിപാലിക്കുന്നതിനും ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനുമുള്ള ചെലവുകൾ തുടരും. വരുമാനം കുറയുകയും ചെലവുകൾ തുടരുകയും ചെയ്യുന്ന സാഹചര്യം വൈദ്യുതിനിരക്ക് വർധനയ്ക്കോ സർക്കാർ കൂടുതൽ സബ്സിഡി നൽകേണ്ടിവരുന്നതിനോ കാരണമാകാമെന്നാണ് പൊതുമേഖലാ സ്ഥാപനത്തിന്റെയും തൊഴിലാളി സംഘടനകളുടെയും മുന്നറിയിപ്പ്.


ഒക്ടോബർ 19നാണ് ഹരിയാന വൈദ്യുതി റെഗുലേറ്ററി കമീഷൻ ഇലവൻ പവർ പ്രൈവറ്റ് ലിമിറ്റഡിന് ലൈസൻസ് അനുവദിച്ചത്. പൊതുമേഖലാ സ്ഥാപനമായ ദക്ഷിണ ഹരിയാന ബിജ്‌ലി വിതരൺ നിഗം വൈദ്യുതി വിതരണം നടത്തുന്ന ഗുരുഗ്രാം, നൂഹ് ജില്ലകളിൽ സ്വകാര്യ കമ്പനിക്കും സമാന്തരമായി വൈദ്യുതി വിൽക്കാനാകും. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 4,717 കോടി രൂപ നിക്ഷേപിച്ച് സ്വന്തം വിതരണശൃംഖല സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി.


ഗുരുഗ്രാം പ്രധാന വ്യവസായകേന്ദ്രമാണ്. ഗുരുഗ്രാം, നൂഹ് ജില്ലകളിൽനിന്നാണ് ദക്ഷിണ ഹരിയാന ബിജ്‌ലി വിതരൺ നിഗത്തിന്റെ ആകെ വൈദ്യുതിവിൽപ്പനയുടെ 35.23 ശതമാനവും വരുമാനത്തിന്റെ 42.98 ശതമാനവും ലഭിക്കുന്നത്. പൊതുമേഖലാ സ്ഥാപനത്തിന്റെ വരുമാനത്തിൽ നിർണായക പങ്കുവഹിക്കുന്ന പ്രദേശങ്ങളിലാണ് സ്വകാര്യ കമ്പനിക്ക് ലൈസൻസ് അനുവദിച്ചിരിക്കുന്നത്.


സ്വകാര്യ കമ്പനിയുടെ വരവ് സൃഷ്ടിക്കാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ പൊതുമേഖലാ സ്ഥാപനം റെഗുലേറ്ററി കമീഷനുമുന്നിൽ കണക്കുകൾ സഹിതം അവതരിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള വൈദ്യുതിവിൽപ്പനയുടെ 2.5 ശതമാനം സ്വകാര്യ കമ്പനിയിലേക്ക് മാറിയാൽ 2027–28ൽ 424.12 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാകാമെന്നാണ് കണക്കുകൂട്ടൽ. 20 ശതമാനം വിൽപ്പന നഷ്ടപ്പെട്ടാൽ 1,898.75 കോടി രൂപയും 45 ശതമാനം നഷ്ടപ്പെട്ടാൽ 4,272.19 കോടി രൂപയും വരുമാനം കുറയാമെന്നും സ്ഥാപനം കണക്കാക്കുന്നു. ഉപഭോക്താക്കൾ സ്വകാര്യ കമ്പനിയിലേക്ക് മാറുന്നതിന്റെ തോതിനനുസരിച്ച് തയ്യാറാക്കിയ നഷ്ടസാധ്യതാ കണക്കുകളാണിവ.


സമാന്തര വൈദ്യുതിവിതരണ ശൃംഖല സ്ഥാപിക്കുന്നതും ചെലവ് വർധിപ്പിക്കാം. പൊതുമേഖലാ സ്ഥാപനത്തിന്റെ വൈദ്യുതിലൈനുകൾ, ട്രാൻസ്ഫോർമറുകൾ, സബ്‌സ്റ്റേഷനുകൾ എന്നിവയ്ക്കുപുറമേ സ്വകാര്യ കമ്പനിയും സ്വന്തം സംവിധാനം സ്ഥാപിക്കും. ഒരേ പ്രദേശത്ത് രണ്ട് വിതരണശൃംഖലകൾ നിർമിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് വൈദ്യുതിവിതരണത്തിന്റെ ആകെ ചെലവ് ഉയർത്താമെന്ന് ഐഐടി കാൺപുരിലെ ഊർജമേഖലാ വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


ഗ്രാമീണ മേഖലകളിലും അകലെയുള്ള പ്രദേശങ്ങളിലും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കും കർഷകർക്കും വൈദ്യുതി എത്തിക്കാനുള്ള ഉത്തരവാദിത്വം പൊതുമേഖലാ സ്ഥാപനങ്ങൾക്കുണ്ട്. ഇത്തരം പ്രദേശങ്ങളിലെ വിതരണച്ചെലവ് പലപ്പോഴും ലഭിക്കുന്ന വരുമാനത്തേക്കാൾ കൂടുതലായിരിക്കും. ഉയർന്ന വരുമാനമുള്ള ഉപഭോക്താക്കളെ നഷ്ടപ്പെടുന്നത് ഈ സേവനങ്ങൾ നിലനിർത്താനുള്ള പൊതുമേഖലയുടെ സാമ്പത്തികശേഷിയെ ബാധിക്കുമെന്നാണ് തൊഴിലാളി സംഘടനകളുടെ നിലപാട്.


ആഗസ്ത് പത്തിന് വൈദ്യുതിമന്ത്രിയുമായി നടത്തിയ ചർച്ചയിൽ നൽകിയ ഉറപ്പുകൾ പാലിക്കാതെയാണ് സ്വകാര്യ കമ്പനിക്ക് ലൈസൻസ് അനുവദിച്ചതെന്ന് സമരമുന്നണി വ്യക്തമാക്കി. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ പവർ എൻജിനിയേഴ്സ് ഫെഡറേഷൻ എന്നിവയും കർഷക, തൊഴിലാളി സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


പ്രതിഷേധത്തെ തുടർന്ന് റെഗുലേറ്ററി കമീഷന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. എന്നാൽ ലൈസൻസ് റദ്ദാക്കാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. ഒക്ടോബർ 24ന് തുടർപ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിക്കും.


സ്വകാര്യ കമ്പനിക്ക് സമാന്തര ലൈസൻസ് അനുവദിക്കുന്നത് പൊതുമേഖലയുടെ വരുമാനത്തെയും ജീവനക്കാരുടെ തൊഴിൽസുരക്ഷയെയും ബാധിക്കുമെന്നതിനൊപ്പം സാധാരണ കുടുംബങ്ങൾക്കും കർഷകർക്കും ലഭിക്കുന്ന വൈദ്യുതി ആനുകൂല്യങ്ങളും ഭാവിയിലെ നിരക്കുകളും സംബന്ധിച്ച ആശങ്കകൾക്കും കാരണമായിട്ടുണ്ട്. ലൈസൻസ് റദ്ദാക്കി പൊതുമേഖലാ വൈദ്യുതിവിതരണ സംവിധാനം സംരക്ഷിക്കണമെന്ന ആവശ്യത്തിലാണ് ഹരിയാനയിലെ തൊഴിലാളി സംഘടനകൾ പണിമുടക്ക് തുടരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home