ഇറാനെതിരെ നടപടിയുമായി കുവൈത്ത്; രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ നിർദേശം

കുവൈത്ത് സിറ്റി: രാജ്യത്തിനെതിരെ തുടരുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനെതിരെ നയതന്ത്ര നടപടി കടുപ്പിച്ച് കുവൈത്ത്. ഇറാനിയൻ എംബസിയിലെ ചാർജ് ഡി അഫയേഴ്സിനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. എംബസിയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ രാജ്യത്തുനിന്ന് പുറത്താക്കാനും തീരുമാനിച്ചു.
വിദേശകാര്യ ഉപമന്ത്രി അംബാസഡർ ഹമദ് സുലൈമാൻ അൽ-മഷാൻ, ഇറാനിയൻ എംബസിയിലെ ചാർജ് ഡി അഫയേഴ്സ് ഹാമെദ് ഹമീദ് യാഖൂബി ഫറിന് ഔദ്യോഗിക പ്രതിഷേധക്കുറിപ്പ് കൈമാറി. തുടർച്ചയായി നടക്കുന്ന ഇറാനിയൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ കുവൈത്തിന്റെ പരമാധികാരത്തിനും ഭൗമാധികാരത്തിനുമെതിരായ ഗുരുതര ലംഘനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാനിയൻ നയതന്ത്ര ദൗത്യത്തിലെ രണ്ട് ഉദ്യോഗസ്ഥരെ അനഭിമത വ്യക്തികളായി പ്രഖ്യാപിച്ച കുവൈത്ത്, 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശം നൽകി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള നിർണായക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട ആക്രമണത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കുവൈത്ത് ഭൂമിയോ വ്യോമപാതയോ മറ്റേതെങ്കിലും രാജ്യത്തിനെതിരായ ആക്രമണങ്ങൾക്ക് ഉപയോഗിച്ചെന്ന ഇറാന്റെ ആരോപണങ്ങൾ കുവൈത്ത് ശക്തമായി തള്ളിക്കളഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.










0 comments