ad
Deshabhimani

വിമാനത്താവള ആക്രമണം: 63 പേർക്ക് പരിക്ക്; ഏഴ് അടിയന്തര ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം

Iran attack on Kuwait Airport Health Ministry Response
വെബ് ഡെസ്ക്

Published on Jun 03, 2026, 05:28 PM | 1 min read

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെയും പരിസര പ്രദേശങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ 63 പേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഏഴ് പേർക്ക് അടിയന്തര ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.


ആക്രമണത്തിന് പിന്നാലെ രാജ്യവ്യാപകമായി ആരോഗ്യ അടിയന്തര പ്രതികരണ സംവിധാനം സജീവമാക്കിയതായും രാജ്യത്തെ ആശുപത്രികളും അടിയന്തര സേവന വിഭാഗങ്ങളും പൂർണ സന്നാഹത്തിൽ പ്രവർത്തിക്കുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മേഖല ഇപ്പോഴും അതീവ ജാഗ്രതയിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.


സംഭവത്തിന്റെ ആദ്യ മണിക്കൂറുകൾക്കകം എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലുമുള്ള അടിയന്തര പ്രവർത്തന പദ്ധതികൾ സജീവമാക്കി. മെഡിക്കൽ, നഴ്സിംഗ്, സാങ്കേതിക വിഭാഗങ്ങളിലെ ജീവനക്കാരെ വ്യാപകമായി വിന്യസിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രത്യേക മെഡിക്കൽ സംഘങ്ങളോടൊപ്പം 25 ആംബുലൻസുകളും അയച്ചതായി അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിൽ തന്നെ പരിക്കേറ്റവരുടെ അവസ്ഥ വിലയിരുത്തി പ്രാഥമിക ചികിത്സ നൽകിയ ശേഷം വിവിധ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചതോടെ ചികിത്സാ സേവനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കാനായി.


പരിക്കേറ്റവരിൽ സാധാരണ പൗരന്മാർ, വിമാനത്താവള ജീവനക്കാർ, യാത്രക്കാർ എന്നിവരും ഉൾപ്പെടുന്നു. ഒടിവുകൾ, തലയ്ക്കേറ്റ ഗുരുതര പരിക്കുകൾ, മസ്തിഷ്ക രക്തസ്രാവം, അവയവ വിച്ഛേദനങ്ങൾ, സ്ഫോടനത്തെ തുടർന്നുണ്ടായ പരിക്കുകൾ, പുക ശ്വസിച്ചതിനെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ ഗുരുതര കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


അടിയന്തര വിഭാഗങ്ങൾ, തീവ്രപരിചരണ വിഭാഗങ്ങൾ, ശസ്ത്രക്രിയ മുറികൾ എന്നിവ ഇപ്പോഴും ജാഗ്രതയിൽ തുടരുകയാണെന്നും ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനും സാഹചര്യമാറ്റങ്ങൾ നേരിടുന്നതിനുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായുള്ള ഏകോപനം തുടരുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home