ad
Deshabhimani

കെനിയയിൽ ബോർഡിങ് സ്കൂളിലുണ്ടായ തീപിടുത്തം; എട്ട് വിദ്യാർഥിനികൾ അറസ്റ്റിൽ

Kenya

കെനിയയിലെ സ്കൂൾ പരിസരത്ത് പരിശോധന നടത്തുന്ന സുരക്ഷാസേനയും പോലീസ് ഉദ്യോഗസ്ഥരും (Photo: Screengrab BBC)

വെബ് ഡെസ്ക്

Published on May 29, 2026, 04:03 PM | 1 min read

നയ്റോബി : കെനിയയിലെ പെൺകുട്ടികളുടെ സ്കൂളിലുണ്ടായ വൻ തീപിടുത്തവുമായി ബന്ധപ്പെട്ട് എട്ട് വിദ്യാർഥിനികളെ പോലീസ് അറസ്റ്റ് ചെയ്തു. 16 വിദ്യാർഥിനികളുടെ മരണത്തിനിടയാക്കിയ അപകടം ബോധപൂർവ്വം തീയിട്ടതാണെന്ന സംശയത്തെ തുടർന്നാണ് നടപടി. കെനിയൻ തലസ്ഥാനമായ നയ്‌റോബിയിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള ഗിൽഗിലിലെ ഉതുമിഷ ഗേൾസ് അക്കാദമിയിലാണ് ദുരന്തമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ വിദ്യാർഥിനികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കെട്ടിടത്തിന് തീപിടിച്ചത്.


തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇരുനിലകളുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഈ ഭാഗം പൂർണമായും കത്തി നശിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത് ഏകദേശം 220 ഓളം വിദ്യാർഥിനികൾക്ക് ഇവിടെ ഉണ്ടായിരുന്നു. സ്കൂളിലെ ജീവനക്കാരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും മൊഴിയെടുത്ത ശേഷവും, സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിനു ശേഷവുമാണ് തീപിടുത്തത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും പങ്കുണ്ടെന്ന് സംശയിക്കുന്ന എട്ട് വിദ്യാർത്ഥിനികളെ പോലീസ് തിരിച്ചറിഞ്ഞത്.


സംഭവത്തിന് ശേഷം വീടുകളിലേക്ക് മടങ്ങിയ ഇവരെ കണ്ടെത്തി ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആദ്യം വിളിപ്പിച്ച 30 വിദ്യാർഥികളിൽ ഉൾപ്പെട്ടവരാണ് ഈ എട്ട് പേർ. തീപിടുത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. കെനിയയിലെ ബോർഡിംഗ് സ്കൂളുകളിൽ മുൻപും സമാനമായ രീതിയിൽ വൻ തീപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട്.


സ്കൂളുകളിലെ കർശനമായ അച്ചടക്ക നടപടികളിലും മോശം ജീവിതസാഹചര്യങ്ങളിലും പ്രതിഷേധമുള്ള വിദ്യാർഥികൾ ബോധപൂർവം തീയിടുന്ന സംഭവങ്ങൾ കെനിയയിൽ പതിവാണ്. രണ്ട് വർഷം മുൻപ് മധ്യ കെനിയയിലെ സ്കൂൾ ഡോർമിറ്ററിയിലുണ്ടായ തീപിടുത്തത്തിൽ 21 പേർ മരിച്ചിരുന്നു. ഡോർമിറ്ററികളിലെ അമിതമായ തിരക്കും, ജനലുകൾ പൂട്ടിയിടുന്നതും എമർജൻസി എക്സിറ്റുകൾ കൃത്യമായി തുറന്നിടാതിരിക്കുന്നതുമാണ് ഇത്തരം അപകടങ്ങളിൽ മരണസംഖ്യ ഉയരാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.


Related News




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home