ജില്ലയിൽ 22കണ്ടക്ടർമാർ മെഡിക്കൽ അവധിയിൽ

സ്വന്തം ലേഖിക
Published on Jul 19, 2026, 01:44 AM | 1 min read
കൊല്ലം
കെഎസ്‌ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതിനു പിന്നാലെ ജോലിഭാരത്താൽ വലഞ്ഞ് ജീവനക്കാർ. വിശ്രമിക്കാനാകാതെയുള്ള ജോലി കടുകട്ടിയായതോടെ ജീവനക്കാർ കൂട്ട മെഡിക്കൽ ലീവിൽ. സൗജന്യയാത്ര നിലവിൽവന്ന 15നുശേഷം കൊല്ലം ഡിപ്പോയിൽ 22 കണ്ടക്ടർമാരാണ് മെഡിക്കൽ ലീവിൽ പ്രവേശിച്ചത്. എല്ലാവരും ഓർഡിനറി ബസിലെ ജീവനക്കാരാണ്. കൊല്ലത്തുനിന്ന് രണ്ടരമണിക്കൂർ യാത്രയുള്ള പത്തനംതിട്ട, കുളത്തൂപ്പുഴ, ചെങ്ങന്നൂർ റൂട്ടിലാണ് ഏറ്റവും കൂടുതൽ ജീവനക്കാർ അവധി എടുത്തത്. യാത്രക്കാരുടെ തിരക്കുകാരണം മൂന്നേകാൽ മണിക്കൂർ എടുത്താണ് ബസുകൾ യാത്ര അവസാനിപ്പിക്കുന്നത്. ഇക്കാരണത്താൽ ഡിപ്പോയിൽ എത്തിയാലും ഉടൻ അടുത്ത ഡ്യൂട്ടിക്ക് ഇറങ്ങേണ്ട അവസ്ഥയാണ്. ബസുകളിൽ നിന്നുതിരിയാൻ പോലും ഇടമില്ലാത്ത അവസ്ഥ ആയതിനാൽ പലപ്പോഴും ടിക്കറ്റ് കൊടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഇതിനിടയിൽ തിക്കിത്തിരക്കിയാണ് പല ജീവനക്കാർക്കും ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമായത്. ഓണം അടുക്കുമ്പോൾ യാത്രക്കാർ കൂടുമെന്നിരിക്കെ എന്തുചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് ജീവനക്കാർ. പുലർച്ചെ അഞ്ചിനുതുടങ്ങി വൈകിട്ട് നാലിന് അവസാനിക്കുന്ന ഒന്നര ഡ്യൂട്ടിയാണ് നിലവിൽ ജീവനക്കാർക്ക് നൽകുന്നത്. ഇതനുസരിച്ച് അടുത്തടുത്ത ദിവസങ്ങളിൽ ഡ്യൂട്ടിക്ക് പോകണം. ഇത് ജീവനക്കാരെ വല്ലാതെ പ്രതിസന്ധിയിലാക്കുന്നു. ഇവർക്ക് ആഴ്‌ചയിൽ മൂന്നുദിവസം ഡ്യൂട്ടിയുള്ള ഡബിൾ ഡ്യൂട്ടി ആക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ആർടിസി എംപ്ലോയീസ് യൂണിയൻ കൊല്ലം യൂണിറ്റ് കമ്മിറ്റി ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർക്ക് നിവേദനം നൽകി. സർവീസ് വെട്ടിക്കുറച്ച് കെഎസ്‌ആർടിസി സൗജന്യ യാത്രയുടെ മറവിൽ സർവീസ് വെട്ടിക്കുറച്ച് കെഎസ്‌ആർടിസി. യാത്രാ ഇളവിൽ ടൗണിൽ എത്തുന്ന ഉൾനാടൻ ഗ്രാമത്തിലുള്ളവർ തിരിച്ചുപോകാൻ ബസില്ലാതെ പ്രതിസന്ധിയിലാണ്. കൊല്ലത്തുനിന്നു ചെങ്ങന്നൂർ, പത്തനംതിട്ട, കുന്പളം, പടപ്പക്കര, പുനലൂർ, ഓച്ചിറ എന്നിവിടങ്ങളിലേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ഓർഡിനറി ബസുകളാണ് വൈകിട്ടോടെ സർവീസ് നിർത്തുന്നത്. ജോലിക്കും മറ്റ് വീട്ടാവശ്യങ്ങൾക്കുമായി കൊല്ലം നഗരത്തിൽ എത്തുന്ന വനിതകളാണ് ഏറെയും ബുദ്ധിമുട്ടുന്നത്. വൈകിട്ട് അഞ്ചര കഴിഞ്ഞാൽ ബസുകൾ ഇല്ലാത്ത അവസ്ഥയാണ്. അതിനാൽ അധിക നിരക്ക് നൽകിയും ഓട്ടോ പിടിച്ചും തിരികെപ്പോകേണ്ട അവസ്ഥയാണെന്ന് യാത്രക്കാർ പറയുന്നു.









0 comments