ad
Deshabhimani

കെനിയയിൽ ബോർഡിങ് സ്കൂളിൽ വൻ തീപിടുത്തം; 16 വിദ്യാർഥിനികൾ മരിച്ചു

Kenya

ദുരന്ത വാർത്തയറിഞ്ഞ് സ്കൂളിലെത്തിയ രക്ഷിതാക്കൾ (Photo:Reuters)

വെബ് ഡെസ്ക്

Published on May 28, 2026, 04:18 PM | 1 min read

നയ്റോബി : കെനിയയിലെ ബോർഡിങ് സ്കൂളിലുണ്ടായ വൻ തീപിടിത്തത്തിൽ 16 വിദ്യാർഥിനികൾ മരിച്ചു. കെനിയൻ തലസ്ഥാനമായ നയ്‌റോബിയിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള ഗിൽഗിലിലെ ഉതുമിഷ ഗേൾസ് അക്കാദമിയിലാണ് ദുരന്തമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ വിദ്യാർഥിനികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കെട്ടിടത്തിന് തീപിടിച്ചത്.


തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 71 പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചതായും ഏഴ് പേർ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണത്തിലാണെന്നും സംഭവസ്ഥലം സന്ദർശിച്ച വിദ്യാഭ്യാസ മന്ത്രി ജൂലിയസ് ഒഗാംബ അറിയിച്ചു. ഇരുനിലകളുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഈ ഭാഗം പൂർണമായും കത്തി നശിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായതെന്നാണ് പോലീസ് നൽകുന്ന വിവരം. ഏകദേശം 220 ഓളം വിദ്യാർഥിനികൾക്ക് ഇവിടെ ഉണ്ടായിരുന്നു.


കെട്ടിടത്തിനുള്ളിൽ പുക ഉയർന്നതോടെ കുട്ടികൾ പരസ്പരം വിളിച്ചുണർത്തി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. മുകൾ നിലയിൽ കുടുങ്ങിയ ചില കുട്ടികൾ ജനലിലൂടെ താഴേക്ക് ചാടിയതിനെത്തുടർന്നാണ് പലർക്കും ഗുരുതരമായി പരിക്കേറ്റത്. സംഭവത്തെത്തുടർന്നുണ്ടായ പരിഭ്രാന്തിയിൽ കുട്ടികൾ സ്കൂൾ കോമ്പൗണ്ടിൽ നിന്നും പുറത്തേക്ക് ഓടിപ്പോയതായും ഇവരെ കണ്ടെത്താനായി പോലീസ് തിരച്ചിൽ തുടരുകയാണെന്നും റീജിയണൽ പോലീസ് കമാൻഡർ മസൂദ് മ്വിൻയി വ്യക്തമാക്കി.


തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അപകടത്തെത്തുടർന്ന് സ്കൂളിന് താൽക്കാലിക അവധി പ്രഖ്യാപിക്കുകയും കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടയക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രി കിപ്ചുംബ മുർകോമെൻ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. കെനിയയിലെ ബോർഡിങ് സ്കൂളുകളിൽ തീപിടിത്തങ്ങൾ പതിവാണ്. സ്കൂളുകളിലെ അമിതമായ

തിരക്കും എമർജൻസി എക്സിറ്റുകൾ കൃത്യമായി തുറന്നിടാതെയുള്ള സുരക്ഷാ വീഴ്ചകളുമാണ് പലപ്പോഴും ദുരന്തത്തിന്റെ ആഘാതം കൂട്ടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home