ആദ്യമായി കന്നഡയിലേക്ക്
ഇന്റർനാഷണൽ ബുക്കർ പുരസ്കാരം കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്

photo credit: X
ലണ്ടൻ: ഇന്റർനാഷനൽ ബുക്കർ പ്രൈസ് കന്നഡ എഴുത്തുകാരിയും അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ ബാനു മുഷ്താഖിന്. ഹാർട്ട് ലാമ്പ് എന്ന ചെറുകഥാ സമാഹാരമാണ് ബാനുവിനെ പുരസ്കാരത്തിനർഹയാക്കിയത്. മാധ്യമപ്രവർത്തക ദീപ ബസ്തിയാണ് കൃതി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്.
ബുക്കർ പുരസ്കാരം ലഭിക്കുന്ന ആദ്യ കന്നഡ എഴുത്തുകാരിയാണ് ബാനു. ദീപ ബസ്തിയോടൊപ്പം ടേറ്റ് മോഡേണിൽ നടന്ന ചടങ്ങിൽ ബാനു പുരസ്കാരം ഏറ്റുവാങ്ങി. തന്റെ വിജയത്തെ വൈവിധ്യത്തിന്റെ വിജയമെന്നാണ് എഴുത്തുകാരി വിശേഷിപ്പിച്ചത്.
ആറ് പുസ്തകങ്ങളാണ് അന്തിമപട്ടികയിലേക്ക് ഇടം നേടിയിരുന്നത്. ഇന്ത്യയിൽ നിന്നുള്ള ഏക പുസ്കകമായിരുന്നു ഇത്. മുഷ്താഖിന്റെ കൃതികൾ കുടുംബ-സാമൂഹിക സംഘർഷങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതാണെന്ന് ജൂറി നിരീക്ഷിച്ചു. 1993 മുതൽ 2023 വരെ എഴുതിയ 12 ചെറുകഥകളാണ് സമാഹാരത്തിലുള്ളത്.
ദക്ഷിണേന്ത്യയിൽ താമസിക്കുന്ന സ്ത്രീകളുടെ ജീവിതമാണ് കഥകളുടെ തന്തു. 2022ൽ ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ടോംബ് ഓഫ് സാൻഡി (മണൽസമാധി) നാണ് ബുക്കർ ലഭിച്ചത്. അരലക്ഷം പൗണ്ട്(ഏകദേശം 53 ലക്ഷം രൂപ)യാണ് പുരസ്കാരത്തുക.
6 കഥാസമാഹാരങ്ങളും ഒരു കവിതാ സമാഹാരവും ബാനുവിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കർണാടക സാഹിത്യ അക്കാദമി പുരസ്കാരം, ദാനചിന്താമണി അത്തിമബ്ബ പുരസ്കാരം തുടങ്ങിയവ ബാനു മുഷ്താഖിന് ലഭിച്ചിട്ടുണ്ട്. മറ്റു ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ബ്രിട്ടനിലും അയൽലൻഡിലും പ്രസിദ്ധീകരിക്കുന്ന കൃതികൾക്കാണ് ബുക്കർ ഇന്റർനാഷനൽ പുരസ്കാരം ലഭിക്കുന്നത്. എഴുത്തുകാരിയും പരിഭാഷകയും സമ്മാനത്തുക പങ്കിടും.









0 comments