ട്രംപിനെതിരായ ഇരയുടെ മൊഴികൾ നീക്കി, ഫയലുകൾ വീണ്ടും പരിശോധിക്കാമെന്ന് യു എസ് നീതിന്യായ വകുപ്പ്

വാഷിങ്ടൺ: ജെഫ്രി എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിട്ടതിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയുള്ള ചില നിർണ്ണായക മൊഴികൾ മനഃപൂർവ്വം മറച്ചുവെച്ചു എന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ യുഎസ് നീതിന്യായ വകുപ്പ്. ഗുരുതര വീഴ്ച സംഭവിച്ചതായുള്ള ആരോപണം കടുത്തതോടൊണ് വകുപ്പ് സ്വയം അന്വേഷണം പ്രഖ്യാപിച്ചത്.
എപ്‌സ്റ്റീൻ കേസിൽ ഉൾപ്പെട്ട ഒരു സ്ത്രീ, 1980-കളിൽ താൻ പ്രായപൂർത്തിയാകാത്ത സമയത്ത് ഡൊണാൾഡ് ട്രംപും എപ്‌സ്റ്റീനും ചേർന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് എഫ്ബിഐയോട് (FBI)വെളിപ്പെടുത്തിയിരുന്നു. 2019-ൽ ഇത്തരത്തിൽ നാല് തവണ ഈ സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എങ്കിലും അടുത്തിടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയ 30ലക്ഷം പേജുകളിൽ ഒരു അഭിമുഖത്തിന്റെ രേഖകൾ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കി മൂന്ന് അഭിമുഖങ്ങളുടെ വിവരങ്ങൾ നീക്കം ചെയ്ത നിലയിലായിരുന്നു. ഇതാണ് ആരോപണ വിധേയമായത്.
നീതിന്യായ വകുപ്പിന്റെ വിശദീകരണം
രേഖകൾ വിട്ടുപോകുന്നത് സംബന്ധിച്ച് മാധ്യമങ്ങളും പൊതുജനങ്ങളും പരാതിപ്പെട്ടതിനെത്തുടർന്നാണ് വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ഏതെങ്കിലും രേഖകൾ നിയമവിരുദ്ധമായി മാറ്റിവെച്ചിട്ടുണ്ടെങ്കിൽ അവ ഉടൻ പ്രസിദ്ധീകരിക്കുമെന്നും പറയുന്നു.
ട്രംപിനെതിരെയുള്ള മൊഴികൾ മനഃപൂർവ്വം ഒഴിവാക്കി എന്ന ആരോപണം ശക്തമാണ്. രേഖകൾ പുറത്തുവിട്ടപ്പോൾ ഇരകളുടെ പേര്,ഇമെയിൽ വിലാസം,നഗ്നചിത്രങ്ങൾ എന്നിവ ശരിയായി മറയ്ക്കാതെ (Redaction)പ്രസിദ്ധീകരിച്ചതും ആരോപണമായി നിലനിൽക്കുന്നു. നൂറിൽ അധികം പേര്‍ ഇങ്ങനെ വീണ്ടും അപമാനിതരായതായി പരാതിയുണ്ട്.










0 comments