അഭയാര്‍ഥികളെ പുറത്താക്കാനുള്ള ട്രംപ് ഭരണകൂട നീക്കം യുഎസ് കോടതി തടഞ്ഞു; അധിക്ഷേപ വാക്കുകൾക്കെതിരെ നിശിത വിമര്‍ശനം

വാഷിങ്ടൺ: അമേരിക്കയിലുള്ള മൂവായിരത്തോളം യെമൻ അഭയാർത്ഥികളെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം യു എസ് ഫെഡറൽ കോടതി തടഞ്ഞു. ഫിലിപ്പീൻസ് വംശജനായ അമേരിക്കൻ പൗരനായ ജഡ്ജി ഡെയ്‌ൽ ഇ ഹോ ആണ് വിധി പ്രസ്താവിച്ചത്. അഭയാര്‍ഥികൾക്ക് നൽകിവരുന്ന താൽക്കാലിക സംരക്ഷണ പദവി (Temporary Protected Status - TPS) റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം കോടതി വിലക്കി.
മാൻഹട്ടനിലെ ഫെഡറൽ കോടതി പുറപ്പെടുവിച്ച ഈ ഉത്തരവ് പ്രകാരം, തിങ്കളാഴ്ച അവസാനിക്കാനിരുന്ന അഭയാർത്ഥികളുടെ താമസ അനുമതി താൽക്കാലികമായി നീട്ടി. കേസിൽ അന്തിമ തീരുമാനം വരുന്നത് വരെ ഇവർക്ക് യുഎസിൽ തുടരാം.
അധിക്ഷേപ വാക്കുകൾക്കെതിരെ മുന്നറിയിപ്പ്
ജീവിതമാര്‍ഗ്ഗവും അക്രമത്തിൽ നിന്നുള്ള സംരക്ഷണവും തേടി നാടുവിടേണ്ടി വന്നവരെ അധിക്ഷേപകരമായ വാക്കുകളാൽ വിശേഷിപ്പിച്ചതിനെ കോടതി നിശിത ഭാഷയിൽ വിമര്‍ശിച്ചു. മുൻ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമിന് കോടതി മുന്നറിയിപ്പ് നൽകി. അഭയാർത്ഥികളെ "കൊലയാളികൾ", "പരാദങ്ങൾ" എന്നിങ്ങനെ ആക്ഷേപിച്ചുകൊണ്ടുള്ള അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളെ കോടതി അപലപിച്ചു.

ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിലേക്ക് അഭയാർത്ഥികളെ നിർബന്ധപൂർവ്വം തിരിച്ചയക്കുന്നത് അവരുടെ സുരക്ഷയെ ബാധിക്കുമെന്ന് ജഡ്ജി നിരീക്ഷിച്ചു. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ആയിരുന്ന ക്രിസ്റ്റി നോം സ്വീകരിച്ച നടപടികൾ ചട്ടവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. ഹൃദ്രോഗമുള്ള ഗർഭസ്ഥ ശിശുവിനെ ചുമക്കുന്ന സ്ത്രീയും മനുഷ്യാവകാശ പ്രവർത്തകരും അടങ്ങുന്ന സംഘത്തെ യുദ്ധഭൂമിയിലേക്ക് മടക്കി അയക്കുന്നത് നീതീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അഭയാര്‍ഥികളായി എത്തിയ ഡോക്ടർമാരും എഞ്ചിനീയർമാരും ഡ്രൈവർമാരുമടക്കമുള്ള നൂറുകണക്കിന് ആളുകൾക്ക് ഈ വിധി ആശ്വാസമായി.
2015-ൽ യെമനിൽ യുദ്ധം തുടങ്ങിയപ്പോഴാണ് അവിടുത്തെ പൗരന്മാർക്ക് യുഎസ് ഈ പ്രത്യേക പദവി അനുവദിച്ചത്. നിലവിൽ 2,810 യെമൻ സ്വദേശികൾ ഈ ആനുകൂല്യത്തിൽ അമേരിക്കയിൽ കഴിയുന്നുണ്ട്. കോടതി വിധി വന്നതോടെ ഇവർക്ക് ജോലി ചെയ്യാനും നിയമപരമായി അവിടെ തുടരാനുമുള്ള അനുമതി താൽക്കാലികമായി പുനഃസ്ഥാപിക്കപ്പെട്ടു.
അഭയാർത്ഥി സംരക്ഷണ നിയമങ്ങൾ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയില്ലെന്ന് ഈ വിധി വ്യക്തമാക്കുന്നതായി മനുഷ്യാവകാശ സംഘടനകൾ പ്രതികരിച്ചു.
ട്രംപ് ഭരണകൂടം തങ്ങളുടെ കുടിയേറ്റ വിരുദ്ധ നയത്തിന്റെ ഭാഗമായി ഹെയ്തി, വെനസ്വേല, എത്യോപ്യ തുടങ്ങി ഒൻപത് രാജ്യങ്ങളിൽ നിന്നുള്ളവരുടെ സംരക്ഷണ പദവി നേരത്തെ റദ്ദാക്കിയിരുന്നു.










0 comments