ഐഎസ്‌സി ഒമാൻ കേരള വിഭാഗത്തിന് 25–ാം വാർഷികം

മസ്‌കത്ത് : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ 25–-ാം വാർഷികാഘോഷവും ഓണാഘോഷവും 18ന് റൂവിയിലെ അൽ ഫലജ് ഹോട്ടൽ ഹാളിൽ നടക്കും. പകൽ 11ന് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് മിഷൻ തവ്ഷി ബെഹൽ പാണ്‌ഡേ ഉദ്‌ഘാടനംചെയ്യും. ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ മുഖ്യാതിഥിയാകും. ഒമാൻ നാഷണൽ യൂണിവേഴ്‌സിറ്റി ചാൻസലർ ഡോ. പി മുഹമ്മദലി, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ സുഹൈൽ ഖാൻ, ജനറൽ സെക്രട്ടറി കെ എം ഷക്കീൽ എന്നിവർ പങ്കെടുക്കും. ഗായിക അനിത ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള സംഗീതപരിപാടിയും കേരള വിഭാഗത്തിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന പ്രത്യേക നൃത്തപരിപാടിയും ആഘോഷത്തിന്റെ ഭാഗമായി നടക്കും.
2001 മാർച്ച് 29ന് ഉദ്ഘാടനം ചെയ്‌ത് പ്രവർത്തനം ആരംഭിച്ച കേരള വിഭാഗം, ഒമാനിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ ആവശ്യങ്ങൾ മുൻനിർത്തി വിവിധ പദ്ധതികൾക്ക് നേതൃത്വം നൽകുന്നു. കലാസാംസ്‌കാരിക പരിപാടികൾ, സാഹിത്യ സംരംഭങ്ങൾ, കുട്ടികൾക്കും യുവജനങ്ങൾക്കുമായി വിവിധ മത്സരങ്ങളും പരിശീലനങ്ങളും ശാസ്ത്രസാങ്കേതിക പ്രവർത്തനങ്ങൾ, ക്ഷേമപദ്ധതികൾ എന്നിവയും നടപ്പാക്കുന്നു.









0 comments