ad
Deshabhimani

മൂന്നും നാലും റെയിൽപ്പാത; 160 കിലോമീറ്റർ വേഗത വെറും വാഗ്ദാനം മാത്രം

special train
വെബ് ഡെസ്ക്

Published on Sep 19, 2026, 07:11 PM | 2 min read

തിരുവനന്തപുരം: കേരളത്തിൽ ട്രെയിനുകളുടെ വേഗത 160 കിലോമീറ്ററിലേക്ക് ഉയർത്തുമെന്ന പ്രഖ്യാപനവും മൂന്നും നാലും റെയിൽപ്പാതകൾക്കായുള്ള സർവേ റിപ്പോർട്ടുകളും പുറത്തുവരുമ്പോഴും, പദ്ധതി നടപ്പിലാകാനുള്ള സാധ്യത വിദൂരം. പ്രായോഗിക തടസ്സങ്ങളും സാങ്കേതിക വെല്ലുവിളികളും മറച്ചുവെച്ചാണ് സർവേകളുടെ പേരിൽ റെയിൽവേ വ്യാജ വാഗ്ദാനം നൽകുന്നത്. ഷൊർണൂർ–മംഗളൂരു റൂട്ടിൽ (307 കി.മീ) നിലവിലെ പാതയോടനുബന്ധിച്ച് സമാന്തരപ്പാത, വളവുകൾ അതേപടി നിലനിർത്തി വേഗനിയന്ത്രണ പാത, പുതിയ സ്ഥലങ്ങൾ ഏറ്റെടുത്തുകൊണ്ടുള്ള ഗ്രീൻഫീൽഡ് പാത എന്നിങ്ങനെ മൂന്ന് രൂപരേഖകളാണ് പരിഗണനയിലുള്ളത്.

ഷൊർണൂർ –-മംഗളൂരു 307 കിലോമീറ്റർ റൂട്ടിൽ (ഒരു രൂപരേഖ പ്രകാരം) ചുരുങ്ങിയത് 13 സ്റ്റേഷനുകളാണ് പരിഗണനയിലെന്നാണ് വിവരം.എന്നാൽ നിലവിലെ ട്രാക്കിലുള്ള 626- ലധികം വലിയ വളവുകളാണ് വേഗക്കുതിപ്പിന് പ്രധാന തടസ്സം. നിലവിൽ സംസ്ഥാനത്തോടുന്ന ട്രയിനിന്റെ പരമാവധി വേഗത 57 കിലോ മീറ്റർ മാത്രമാണ്‌. പതിറ്റാണ്ടുകളെടുത്ത്‌ പുതിയ പദ്ധതി പൂർത്തിയാക്കാലും ഇപ്പോൾ പറയുന്ന 160 കിലോമീറ്റർ വേഗത കൈവരിക്കാനാകില്ലെന്ന്‌ വിദഗ്‌ധർ പറയുന്നു.വളവുകൾ നിലനിർത്തി സമാന്തരമായി ട്രാക്ക് നിർമിച്ചാ? ട്രെയിനുകളുടെ വേഗത കൂടില്ല. വളവുകൾ നിവർത്തുകയോ ഗ്രീൻഫീൽഡ് അലൈൻമെന്റ് കൊണ്ടുവരികയോ ചെയ്യണമെങ്കിൽ നിലവിലെ ട്രാക്കിൽ നിന്ന് 500 മീറ്റർ മുതൽ 2 കിലോമീറ്റർ വരെ മാറി വലിയതോതിൽ ഭൂമി ഏറ്റെടുക്കേണ്ടിവരും. ജനസാന്ദ്രതയേറിയ കേരളത്തിൽ ഇത് വലിയ ജനകീയ പ്രതിഷേധങ്ങൾക്കും ഭീമമായ സാമ്പത്തിക ബാധ്യതയ്ക്കും കാരണമാകും. വളവുകൾ ഒഴിവാക്കുമ്പോൾ പ്രധാന സ്റ്റേഷനുകൾ പലതും പുറത്താകും.

പതിറ്റാണ്ടുകൾക്കു മുമ്പ്‌ ആരംഭിച്ച കേരളത്തിലെ പാത ഇരട്ടിപ്പിക്കൽ പോലും ഇനിയും പൂർത്തിയായിട്ടില്ല. പുതിയപാതയുടെ ഭാഗമായുള്ള മേൽപ്പാലങ്ങൾ, പുതിയ സ്റ്റേഷൻ യാർഡുകൾ, സിഗ്നലിങ് എന്നിവയ്ക്കായി പതിനായിരക്കണക്കിന് കോടി രൂപ ചെലവ് വരും. റെയിൽവേയുടെ മുൻഗണനയും ബജറ്റ് വിഹിതവും ഇതിൽ നിർണായകമാണ്.നിലവിലുള്ള ട്രാക്കിലൂടെയുള്ള ട്രെയിനിന്റെ അതേ വേഗമായിരിക്കും മൂന്നാം പാതയിലൂടെ സർവീസ്‌ നടത്തുന്ന ട്രെയിനുമെന്ന് മുമ്പ് എം പിമാരുടെ യോഗത്തിൽ റെയിൽവെ ദക്ഷിണ മേഖല ജനറൽ മാനേജർ വ്യക്തമാക്കിയിരുന്നു. വർഷങ്ങൾക്കു മുൻപ് പ്രഖ്യാപിച്ചിട്ടും പാതിവഴിയിൽ നിൽക്കുന്നതാണ് ഈ പദ്ധതികളുടെ സർവേ. പലയിടത്തും ഇത്‌ പ്രായോഗികമല്ലെന്ന്‌ ലൊക്കേഷൻ സർവേയിലും കണ്ടെത്തിയിരുന്നു.

വിഴിഞ്ഞം തുറമുഖത്ത് കരമാർഗമുള്ള കയറ്റുമതി ഇറക്കുമതി ആരംഭിക്കുന്നതോടെ കേരളത്തിലേക്ക് കൂടുതൽ ചരക്ക് ട്രെയിനുകളും വരാനുണ്ട്. യാത്രാവണ്ടികൾക്കൊപ്പം ഒരേ രണ്ട് ട്രാക്കുകളിലൂടെ ഈ ചരക്കുനീക്കവും കൈകാര്യം ചെയ്യേണ്ടി വരുന്നത് കേരളത്തിലെ റെയിൽ ശൃംഖലയെ പൂർണ്ണമായി ശ്വാസംമുട്ടിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home