യെമനിൽ പ്രതിസന്ധി രൂക്ഷം; ജിബൂട്ടിയിലേക്ക് കൂട്ടപ്പലായനം

Image Credit : AL-Jazeera
ജനീവ : അമേരിക്കയുടെ പിന്തുണയോടെ സൗദി സഖ്യസേന യെമനിൽ നടത്തുന്ന യുദ്ധം കടുത്ത മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസംഘടനയുടെ കുടിയേറ്റ ഏജൻസി പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം യുദ്ധത്തെ തുടർന്ന 1,12,000ത്തിലധികം ആളുകൾക്കാണ് കിടപ്പാടം നഷ്ടപ്പെട്ടത്. ആയിരക്കണക്കിന് ആളുകൾ അയൽരാജ്യമായ ജിബൂട്ടിയിലേക്ക് പലായനം ചെയ്തു.
സൗദി സഖ്യസേനയുടെ നേതൃത്വത്തിൽ അമേരിക്കയുടെ സഹായത്തോടെ യെമനിൽ നടത്തുന്ന നിരന്തരമായ ആക്രമണങ്ങൾ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയതായും റിപ്പോർട്ട് പറയുന്നു. വീടുകളും ആശുപത്രികളും വിദ്യാലയങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ബോംബിട്ട് തകർത്തതോടെയാണ് പലരും പലായനം നടത്തിയത്. ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, സംഘർഷം രൂക്ഷമായതോടെയാണ് കുഞ്ഞുങ്ങളടക്കമുള്ളവർ ചെങ്കടൽ കടന്ന് ജിബൂട്ടി ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത്.
പശ്ചിമേഷ്യയിലെ ഏറ്റവും ദരിദ്ര രാജ്യമായ യെമനിൽ സമാനതകളില്ലാത്ത ദുരന്തമാണ് സാമ്രാജ്യത്വ ശക്തികളുടെ ഇടപെടലിനാൽ തുടരുന്നത്. ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയുടെ വക്കിലാണ്. അടിയന്തരമായി യുദ്ധം അവസാനിപ്പിച്ച് മാനുഷിക സഹായം എത്തിച്ചില്ലെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ നിയന്ത്രണാതീതമാകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. യെമനിലെ സമാധാനശ്രമങ്ങളെ പിന്തുണക്കാതെ യുദ്ധം നീട്ടിക്കൊണ്ടുപോകാനാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വശക്തി ശ്രമിക്കുന്നത്.









0 comments